കൊച്ചി: ആധുനിക സൗകര്യങ്ങളോടെ എറണാകുളം മാർക്കറ്റ് പുതുക്കിപ്പണിയാൻ 100 കോടിയുടെ ബ്രഹത് പദ്ധതി. 18 മാസംകൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഡിസംബർ ഒന്നിനു തുടങ്ങാനാണു തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ആസ്ഥാനത്ത് ചേർന്ന വിവിധ ഏജൻസികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
പുതിയ മാർക്കറ്റും ഷണ്മുഖം റോഡും ബന്ധിപ്പിച്ച് ആകാശപാത നിർമിക്കണമെന്ന നിർദേശവും ഹൈബി ഈഡൻ എംപി വിളിച്ചുചേർത്ത യോഗം മുന്നോട്ടുവച്ചു. കൊച്ചി കോർപറേഷന്റെ സ്വപ്നപദ്ധതികളിലൊന്നായിരുന്നു മാർക്കറ്റ് നവീകരണം. കോർപറേഷൻ ബജറ്റുകളിൽ വലിയ പദ്ധതിയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കേന്ദ്ര നഗരാസൂത്രണ പദ്ധതിയിയായ സ്മാർട്സിറ്റിയിൽ എറണാകുളം മാർക്കറ്റ് നവീകരണം ഉൾപ്പെടുത്തി.
കാര്യമായ പുരോഗതിയില്ലാതെ മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈബി ഈഡൻ ഇടപെട്ട് പദ്ധതി വേഗത്തിലാക്കിയത്.ഇപ്പോഴത്തെ മാർക്കറ്റ് പൂർണമായും പൊളിച്ചുനീക്കിയാണു പുതിയ മാർക്കറ്റിന്റെ നിർമാണം. ഭൂമിക്കടിയിലുള്ള നില ഉൾപ്പെടെ നാലു നിലകളിലാണ് പുതിയ മാർക്കറ്റ് നിർമിക്കുക. ഭൂമിക്കടിയിലുള്ള നില പൂർണമായും വാഹന പാർക്കിംഗിന് ഉപയോഗിക്കും.
ഒരേ സമയം 90 കാറുകൾക്കു ഇവിടെ പാർക്ക് ചെയ്യാം. ഗ്രൗണ്ട് ഫ്ളോറിൽ 196 കടമുറികളും ഒന്നാം നിലയിൽ 150 കടമുറികളും ഉണ്ടാകും. രണ്ടാം നിലയിൽ വാടകയ്ക്കു നൽകാനുള്ള കൊമേഴ്ഷ്യൽ സ്പേസാണ്. 50 മുതൽ 200വരെ ചതുരശ്ര അടി വലുമുള്ളവയായിരിക്കും ഓരോ മുറികളും. 1.71 ലക്ഷം ചതുരശ്രയടിയാണ് കെട്ടിടത്തിന്റെ ആകെ വലിപ്പം. നിർമാണഘട്ടത്തിൽ മാർക്കറ്റിലെ വ്യാപാരികളെ ഇസ്ലാമിക് സ്കൂൾ പരിസരത്തേക്കു മാറ്റും.
നിലവിൽ മാർക്കറ്റിൽ ലൈസൻസുള്ള മുഴുവൻ കച്ചവടക്കാർക്കും പുതിയ മാർക്കറ്റിൽ സൗകര്യം ഉറപ്പാക്കണമെന്ന് ഹൈബി ഈഡൻ എംപി കൊച്ചി കോർപറേഷനോടും സ്മാർട് സിറ്റ് മിഷനോടും ആവശ്യപ്പെട്ടിട്ടു. നിർമാണ പുരോഗതി വിലയിരുത്താൻ മേൽനോട്ടസമിതിക്ക് രൂപം നൽകണമെന്ന നിർദേശവും എംപി മുന്നോട്ടുവച്ചു.
മാർക്കറ്റിലെ വഴിയോരക്കച്ചവടക്കാർക്കും പുതിയ കെട്ടിടത്തിൽ സൗകര്യം ഒരുക്കണമെന്നു മേയർ സൗമിനി ജെയിനും ആവശ്യപ്പെട്ടു. ഇസ് ലാമിക് സ്കൂൾ പരിസരത്തേക്കു താത്കാലികമായി സൗകര്യം ഒരുക്കാം എന്ന നിർദേശത്തെ വ്യാപാരികളും അംഗീകരിച്ചിട്ടുണ്ട്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ലൈസൻസുള്ള കച്ചവടക്കാർക്ക് പുറമെ തെരുവു കച്ചവടക്കാർക്കും പുതിയ മാർക്കറ്റിൽ അവസരം നൽകുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മേയർ പറഞ്ഞു.
കൊച്ചി സ്മാർട് സിറ്റി എംഡി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ എസ്. സുഹാസ്, ഡിസിപി ജി.പൂങ്കുഴലി, ജിസിഡിഎ ചെയർമാൻ വി. സലിം, കൗണ്സിലർമാർ, വ്യാപാരികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.