വാഴക്കുളം: വാഴക്കുളത്ത് ഫെഡറൽ ബാങ്കിന്റെ എടിഎം തകർത്ത് നടത്തിയ മോഷണശ്രമത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. രാത്രിയിൽ കനത്ത മഴ പെയ്തിരുന്നതിനാൽ ഡോഗ് സ്ക്വാഡിന് കൂടുതൽ തെളിവുകൾ ലഭിച്ചില്ല.
ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനങ്ങളും വ്യക്തികളെയും സംബന്ധിച്ച് കൂടുതൽ തെളിവുകൾ എടുക്കുകയാണ്.
മോഷ്ടാക്കൾ കൈയുറകൾ ധരിച്ചിരുന്നെങ്കിലും വിരലടയാള വിദഗ്ധർക്ക് നിർണായകമായ തെളിവുകൾ ലഭിച്ചതായും സൂചനയുണ്ട്. ഇതിനടുത്ത ദിവസങ്ങളിൽ ബാങ്കുകളുടെ പരിസരങ്ങളിൽ അനാവശ്യമായി കറങ്ങി നടന്ന വാഹനങ്ങൾ സംബന്ധിച്ചും നിരീക്ഷണം നടത്തുന്നുണ്ട്.
ടൗണിന്റെ കിഴക്കേ ഭാഗത്ത് സംസ്ഥാന പാതയോരത്തുള്ള ഫെഡറൽ ബാങ്കിനോടു ചേർന്നുള്ള എടിഎം കൗണ്ടറാണ് വ്യാഴാഴ്ച പുലർച്ചെ മോഷ്ടാക്കൾ തകർത്തത്. എടിഎം കൗണ്ടർ പൊളിച്ചെടുത്തെങ്കിലും പണം സൂക്ഷിച്ചിരുന്ന കാബിൻ തകർക്കാൻ കഴിയാത്തതിനാൽ പണ നഷ്ടമുണ്ടായിട്ടില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
രാത്രി ഒന്നിനും ഒന്നേമുക്കാലിനുമിടയിലാണ് മോഷണശ്രമം നടന്നത്. മുഖം മറച്ച മൂന്നു പേരെ എടിഎം കൗണ്ടറിലെ സിസി കാമറയിൽ കാണാം. പാന്റ്സും ടീ ഷർട്ടും ധരിച്ച മോഷ്ടാക്കൾ കൈയുറയും ഉപയോഗിച്ചിരുന്നു. എടിഎം മെഷിൻ തകർത്ത് ബാങ്കിനു പുറംവശത്തുള്ള സ്ഥലത്തിട്ട് പണം സൂക്ഷിച്ചിട്ടുള്ള കാബിൻ തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ഇതിന്റെ ലോക്ക് ഒടിഞ്ഞു പോയതിനാൽ കാബിൻ തുറക്കാൻ കഴിഞ്ഞില്ല. അഞ്ചു ലക്ഷത്തോളം രൂപ എടിഎമ്മിലുണ്ടായിരുന്നു.
ഇവിടെയുള്ള കാഷ് ഡിപ്പോസിറ്റ് മെഷിനും തകർത്തെങ്കിലും ഇതിലുണ്ടായിരുന്ന ഇരുപതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടില്ല. സുരക്ഷാ സംവിധാനങ്ങളുള്ള ബാങ്കിൽ കവർച്ചാ ശ്രമം നടന്നപ്പോൾ വാഴക്കുളത്തെ വ്യാപാരികൾ ആശങ്കയിലാണ്. വാഴക്കുളത്തെ ഒൻപതു വ്യാപാരശാലകളിൽ മോഷണ ശ്രമം നടന്നിട്ട് ഒരു മാസമായതേയുള്ളൂ.
കല്ലൂർക്കാട് വഴിയിലുള്ള ഹാർഡ് വെയർ കടയിൽ മോഷ്ടാക്കൾ കയറിയപ്പോൾ ലഭിച്ച സിസി കാമറ ദൃശ്യങ്ങളിൽ മൂന്നുപേരുടെ പങ്ക് വ്യക്തമാണ്. ഇതേ സംഘം തന്നെയാണോ ബാങ്ക് മോഷണശ്രമത്തിനു പിന്നിലുമുള്ളതെന്ന സംശയമാണ് ഉയർന്നിട്ടുള്ളത്. വ്യാപാര സ്ഥാപനങ്ങളിലെ മോഷണശ്രമം സംബന്ധിച്ച അന്വേഷണവും എങ്ങുമെത്തിയിട്ടില്ലെന്നതും പ്രദേശവാസികൾക്ക് ആശങ്ക ഉയർത്തുന്നു.