പയ്യന്നൂര്‍: പയ്യന്നൂര്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ വെല്‍ഫെയര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റിനെതിരേ ലൈംഗികാതിക്രമത്തിനു കേസ്. ജോലിയില്‍ നിന്നു പിരിച്ചുവിടുമെന്നും കുടുംബം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി സെക്രട്ടറി ഇല്ലാത്ത ദിവസങ്ങളിൽ പ്രസിഡന്റ് ലൈംഗികാതിക്രമം നടത്തി സ്ത്രീത്വത്തെ അപമാനിച്ചതായി യുവതി പയ്യന്നൂര്‍ പോലീസിനും സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു.
അതേസമയം താന്‍ നിരപരാധിയാണെന്നും തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് ഈ പരാതിക്കു പിന്നിലെന്നും സൊസൈറ്റി പ്രസിഡന്റ് പിലാക്കല്‍ അശോകന് പറഞ്ഞു. സാമ്പത്തിക വെട്ടിപ്പ് കേസില്‍ റിമാണ്ടിലാകുമെന്ന് ഉറപ്പായപ്പോഴാണു തികച്ചും അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സൊസൈറ്റിയിലെ സാമ്പത്തിക വെട്ടിപ്പ് നടന്ന സംഭവത്തില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നു കളക്ഷന്‍ ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.
2018 മേയ് മുതല്‍ കഴിഞ്ഞ ജൂണ്‍ വരെയുള്ള 13 മാസങ്ങള്‍ക്കിടയില്‍ എട്ടുലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയതെന്ന സൊസൈറ്റി സെക്രട്ടറി വീണയുടെ പരാതിയിലാണു കേസെടുത്തത്. വായ്പയായി നല്കിയ ഒരു ലക്ഷം രൂപയ്ക്കു പകരം സൊസൈറ്റി പ്രസിഡന്റ് കൂടുതല്‍ പണത്തിനായി ഭീഷണിപ്പെടുത്തുന്നതായി കളക്ഷന്‍ ഏജന്റ് നല്കിയ പരാതിയിലും പോലീസ് അന്വേഷണം നടന്നുവരുന്നു. സൊസൈറ്റിയില്‍ നടന്ന സാമ്പത്തിക വെട്ടിപ്പിനെപ്പറ്റി സഹകരണ വകുപ്പും അന്വേഷണം നടത്തിവരികയാണ്.