ഇരിട്ടി: പ്രളയത്തെത്തുടര്‍ന്ന് ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തിയ സ്ഥലങ്ങള്‍ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ഉളിക്കല്‍,പടിയൂര്‍, അയ്യന്‍കുന്ന് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
സോയില്‍ പൈപ്പിംഗ് ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളിലും ഭൂമി വിണ്ടുകീറിയ സ്ഥലങ്ങളിലും വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ച സ്ഥലങ്ങളുമാണ് സംഘം സന്ദര്‍ശിച്ചത്. ഉളിക്കല്‍, പടിയൂര്‍ മേഖലകളിലെ ചെങ്കല്‍പ്പണയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ എത്തി സംഘം സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. തേര്‍മല, കൈക്കൂലിത്തട്ട് എന്നീ മേഖലകളിലാണ് പഠനം നടത്തിയത്. അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവില്‍ ഭൂമി വിണ്ടുകീറിയ സ്ഥലവും സംഘം സന്ദര്‍ശിച്ചു.
ഉളിക്കല്‍, അയ്യന്‍കുന്ന് പഞ്ചായത്തുകളിലായി ആറു കുടുംബങ്ങളെയാണ് ഭൂമി വിണ്ടുകീറിയതിനെത്തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ചത്. ജിയോളജി വകുപ്പ് ആദ്യഘട്ടം നടത്തിയ പരിശോധനയില്‍ ഈ വീടുകള്‍ വാസയോഗ്യമല്ലെന്ന് വിലയിരുത്തിയിരുന്നു. ചെങ്കല്‍പ്പണയില്‍ നിന്ന് ഉത്ഭവിക്കുന്ന ഗുഹകള്‍ വീടുകളിലെ കിണറുകളിലേക്ക് എത്തുകയും വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും ഭൂമി ഇടിഞ്ഞുതാഴുകയും ചെയ്തിട്ടുണ്ട്.
പാലത്തിൻകടവിലെ വിണ്ടുകീറിയ കോണ്‍ക്രീറ്റ് റോഡും കൃഷിയിടവും സംഘം സന്ദര്‍ശിച്ചു. സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ വി. സുധികുമാര്‍, മൈനിംഗ് ആൻഡ് ജിയോളജിയിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റ് കെ.കെ. വിജയ, ഫാ. ജോജി സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പഠന സംഘമാണ് പരിശോധന നടത്തിയത്. തേര്‍മലയില്‍ പഞ്ചായത്തംഗം ഉഷ പ്രഭാകരന്, ചാക്കോ പാലക്കലോടി, ജോസ് പൂമല, ജോയി പതാപ്പറമ്പില്‍ തുടങ്ങിയവരും എത്തിയിരുന്നു.