ചെറുവത്തൂർ: മേൽപ്പാലത്തിൽ നിന്ന് നടപ്പാതയിലൂടെ വരുന്നവർക്ക് അപകട ഭീഷണി ഉയർത്തി തലയ്ക്ക് മുകളിൽ സൂചനാ ബോർഡ്. ചെറുവത്തൂർ റെയിൽവേ മേൽപ്പാലത്തിലൂടെ വാഹനമോടിക്കുന്നവർക്ക് വളവ് തിരിച്ചറിയാൻ സ്ഥാപിച്ച സൂചനാ ബോർഡാണ് ഒടിഞ്ഞു തലകീഴായി യാത്രക്കാരുടെ തലയിൽ വീഴാൻ പാകത്തിൽ തൂങ്ങിനിൽക്കുന്നത്. റെയിൽവേ ഗേറ്റ് ഒഴിവാക്കി മേൽപ്പാലം വന്നത് മുതൽ പടിഞ്ഞാറ് ഭാഗത്തുള്ളവർ റെയിൽപാത കടക്കാൻ മേൽപ്പാലത്തിലൂടെയുള്ള നടപ്പാതയാണ് ഉപയോഗിച്ച് വരുന്നത്.
മറുഭാഗത്തെത്താൻ റെയിൽവേ സ്റ്റേഷൻ മുതൽ തെക്ക് ഭാഗത്തുകൂടി മറ്റു മാർഗമില്ലാത്തതിനാൽ ട്രെയിൻ യാത്രക്കാരും ഈ നടപ്പാതയാണ് ഉപയോഗപ്പെടുത്തുന്നത്. മാസങ്ങളായി നടപ്പാതയ്ക്ക് മുകളിൽ 30 അടിയിലധികം ഉയരത്തിലായി സൂചനാ ബോർഡ് “ഡെമോക്ലിസിന്റെ വാൾ’ പോലെ തൂങ്ങിയാടുകയാണ്. മഴക്കാലമായതിനാൽ കാറ്റ് വരുമ്പോൾ ഒടിഞ്ഞു യാത്രക്കാരുടെ തലയിൽ വീഴാതിരിക്കാൻ അധികൃതർ ഉടൻ വേണ്ടത് ചെയ്യണമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.