ശ്രീകൃഷ്ണപുരം: നിർമ്മാണം കഴിഞ്ഞ് രണ്ട് മാസത്തിനകം മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാന പാത തകർന്നു. മംഗലാംകുന്ന് മുതൽ കോങ്ങാട് സീഡ് ഫാം വരെയുള്ള 13 കിലോമീറ്റർ ദൂരമാണ് രണ്ടു മാസം മുന്പ് റബ്ബറൈസ്ഡ് ചെയ്ത് നവീകരിച്ചത്.ഏറെക്കാലത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് 13 കിലോമീറ്റർ ദൂരം റോഡ് 15 കോടി രൂപ ചിലവഴിച്ച് റബ്ബറൈസ്ഡ് ചെയ്തത്. പാതയുടെ നവീകരണം കഴിഞ്ഞും വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. പാതയിൽ പലസ്ഥലങ്ങളിലും മെറ്റലും ടാറും ഇളകി വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്.
ബിറ്റുമിനസ് മകാടവും, ബിറ്റുമിനസ് കോണ്ക്രീറ്റും (ബിഎം ആൻഡ് ബിസി) ചേർത്ത് നിർമ്മിച്ച റോഡിന് കുറഞ്ഞത് 8 സെന്റീമീറ്റർ കനം വരേണ്ടതുണ്ട്. എന്നാൽ പാതയിൽ മിക്കയിടത്തും മൂന്ന് സെന്റീമീറ്റർ പോലും റബ്ബറൈസിംഗ് ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. പാതയിലെ വിവിധഭാഗങ്ങളിൽ അഴുക്കുചാൽ നിർമ്മാണം, കലുങ്കുകളുടെ നിർമ്മാണം, കടന്പഴിപ്പുറം ഖാദി ജംഗ്ഷനിൽ കനാൽ പാലത്തിന്റെ വീതികൂട്ടൽ എന്നിവ ഇനിയും പൂർത്തിയായിട്ടില്ല. പാതയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ, റിഫ്ളക്ടറുകൾ സ്ഥാപിക്കാനോ തയ്യാറായിട്ടില്ല. ഇതുമൂലം ദിനവും വാഹനങ്ങൾ അപകടത്തിൽ പെടുന്നു.
പാതയിൽ രൂപപ്പെട്ട കുഴികൾ താൽക്കാലികമായി അടച്ചെങ്കിലും ദിവസങ്ങൾ പിന്നിടുന്നതിന് മുന്പുതന്നെ വീണ്ടും ഗർത്തങ്ങൾ രൂപപ്പെട്ടു. പുഞ്ചപ്പാടം, കടന്പഴിപ്പുറം ഹൈസ്കൂൾ പരിസരം, പെരിങ്ങോട്, കടന്പഴിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിനു പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് ഗർത്തങ്ങൾ രൂപപ്പെട്ടത്. ബൈക്ക് യാത്രക്കാർ ഗർത്തങ്ങളിൽപ്പെട്ട് അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്. പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന ഏഴ് പ്രധാന പാതകളിൽ ഒന്നാണ് മുണ്ടൂർ- ചെർപ്പുളശ്ശേരി സംസ്ഥാന പാത.
പാലക്കാട്- കോഴിക്കോട് റൂട്ടിൽ മണ്ണാർക്കാട് വഴി കടന്നുപോകുന്ന ദേശീയപാതയെക്കാൾ 10 കിലോമീറ്റർ ദൂരം കുറവുള്ള സമാന്തരപാത കൂടിയാണിത്. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല, കോഴിക്കോട് സർവ്വകലാശാല തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കുകൂടിയുള്ള എളുപ്പ മാർഗമാണിത്.