ഒറ്റപ്പാലം: മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തി. ഒറ്റപ്പാലം പനമണ്ണ ചാവക്കാട് പറന്പിൽ പ്രഭാകരൻ മകൻ പ്രശാന്ത് ( 25 ) മരിച്ച കേസിൽലാണ് പ്രതികൾക്കെതിരെ പോലീസ് കൊലപാതകം കുറ്റം ചുമത്തിയത്. നേരത്തെ വധ ശ്രമത്തിനാണ് പോലീസ് കേസെടുത്തിരുന്നത്.
വീട്ടാം പാറയിൽ വച്ച് മൂന്ന് മാസങ്ങൾക്കു മുന്പ് ആണ് പ്രശാന്തിന് മർദ്ദനമേറ്റത്. കേസിൽ എട്ടു യുവാക്കളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ 14നാണ് കേസിന് ആസ്പദമായ സംഭവം. റോഡിൽ വച്ചുണ്ടായ നിസ്സാര തർക്കവും മുൻവൈരാഗ്യവും ആണ് മർദ്ദനത്തിൽ കലാശിച്ചത്. മരത്തടി കൊണ്ട് അടിച്ചപ്പോൾ തലയ്ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണത്തിന് ഇടയാക്കിയത്.
കേസിൽ പ്രതികളായ അന്പലവട്ടം കോന്ത്രം കുണ്ട് വീട്ടിൽ വിജേഷ് കുമാർ (24 ) കോന്ത്രാം കുണ്ടിൽവിഷ്ണു (20) തൊട്ടു കാട്ടിൽ വീട്ടിൽ മോഹൻദാസ് (23) മൂർക്കത്ത് വീട്ടിൽ ഷിജിൻ (23 ) കോന്ത്രാം കുണ്ട് രതീഷ് (24) മുന്നൂർ കോട് പടിഞ്ഞാറ് വീട്ടിൽ സജീഷ് (23 ) തോട്ടക്കര മഞ്ജുളാനിവാസിൽ മഹേന്ദ്രൻ (19) കോന്ത്രാം കുണ്ടിൽ വിഷ്ണു എന്ന അപ്പു (19 )എന്നിവരെ വധശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രശാന്ത് മൂന്നുമാസത്തോളം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ രാവിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.