ഹോളിവുഡ് ചിത്രം ജയിംസ് ബോണ്ട് പരമ്പരകളിലൊന്നിൽ ഉപയോഗിച്ച കാർ റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോയി. 1965 മോഡൽ ആസ്റ്റൻ മാർട്ടിൻ ഡി ബി ഫൈവ് കാറാണ് 45.37 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയത്. ലണ്ടനിലെ ആർഎം സോത്ത്ബീസാണ് ലേലം സംഘടിപ്പിച്ചത്.
വിന്റേജ് കാറുകളുടെ ലേല തുകയിലെ നിലവിലെ റിക്കാർഡാണ് ഇതോടെ തകർന്നത്. ഏകദേശം 14.21 കോടി രൂപയാണ് ഈ കാർ കൂടുതലായി സ്വന്തമാക്കിയത്. ഇതോടെ ലേലത്തിൽ വിറ്റുപോയ ഏറ്റവും മൂല്യമേറിയ കാർ എന്ന ബഹുമതിയും ആസ്റ്റൻ മാർട്ടിന്റെ ഡി ബി ഫൈവിന് ലഭിച്ചു.
ബോണ്ട് ചിത്രമായ ഗോൾഡ് ഫിംഗറിലും തണ്ടർബോളിന്റെ പ്രചാരണത്തിലും ഈ കാർ മുഖം കാണിച്ചിരുന്നു. സിനിമയിൽ ഉപയോഗിക്കുമ്പോൾ കാറിലുണ്ടായിരുന്ന പ്രത്യേകതകളെല്ലാം പുനഃസൃഷ്ടിച്ചിട്ടുണ്ട്.
യന്ത്രത്തോക്കുകൾ, ബുള്ളറ്റ്പ്രൂഫ് ഷീൽഡ്, ട്രാക്കിംഗ് സംവിധാനം, കറങ്ങിത്തിരിയുന്ന നമ്പർ പ്ലേറ്റ്, ഓയിൽ സ്ലീക്ക് സ്പ്രെയർ, നെയിൽ സ്പ്രെഡർ, സ്മോക്ക് സ്ക്രീൻ എന്നിലയെല്ലാം കാറിലുണ്ടായിരുന്നു. കാറിന്റെ പ്രത്യേകതകളെല്ലാം ലേലം നടന്ന വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. ആറ് പേരാണ് ഈ ലേലത്തിൽ പങ്കെടുത്തത്.