അന്പലപ്പുഴ: പറവൂരിൽ യുവാവിനെ കൊന്ന് കടലിൽ തള്ളിയ സംഭവത്തിൽ പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത് ബാറിലെ സിസിവി കാമറയിലെ ദൃശ്യങ്ങളിൽ നിന്ന്. മനു 19 ന് പറവൂരിൽ എത്തിയതായ വിവരം മാതാപിതാക്കൾ പോലീസിനു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുന്നപ്ര എസ്ഐ ശിവപ്രസാദ്, എഎസ്ഐ സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പറവൂരിലെ ബൊനൻസ ബാറിലെ കാമറകൾ പരിശോധിക്കുന്നത്.
സംഭവ ദിവസം രാത്രി 9.30 ഓടെ മനു ബാറിന്റെ തെക്ക് ഭാഗത്തുള്ള ചവിട്ടുപടിയിലൂടെ മുകളിലത്തെ നിലയിലേക്ക് കയറുന്നതിനിടയിൽ ബാറിൽ നിന്ന് താഴേക്കിറങ്ങിവരുകയായിരുന്ന ഓമനകുട്ടൻ തടഞ്ഞുനിർത്തി കൂടെ ഉണ്ടായിരുന്ന സൈറസ് മർദിച്ചു.
നിലത്തുവീണ മനു ഗേറ്റിന് പുറത്തേക്ക് പോയി. ഈ സമയം ബാറിനകത്തുപോയി ഓമനക്കുട്ടൻ ബിയർ കുപ്പികളുമായി പുറത്തുവന്നു. ഇരുവരും ചേർന്ന് മനുവിനെ ക്രൂരമായി മർദിച്ചവശനാക്കിയതിനുശേഷം ദേശീയപാതയുടെ പടിഞ്ഞറുഭാഗത്തുവച്ചിരുന്ന ടൂവീലറിൽ വട്ടം കിടത്തി ബീച്ച് റോഡിലൂടെ കൊണ്ടുപോകുന്നതും ബാറിനുമുന്നിൽ സ്ഥാപിച്ചിരുന്ന കാമറയിൽ പതിഞ്ഞിട്ടുണ്ട്. റോഡിൽ നിന്നും മനുവിന്ൈറ മൊബൈൽ ഫോണ് പോലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല.
തുടർന്ന് സിസിടിവി കാമറ ദൃശ്യങ്ങൾ കാണിച്ചതിനുശേഷമാണ് കുറ്റമേറ്റത്. മണിക്കൂറുകളോളം ദേശീയപാതയോരത്ത് ഒരാളെ മർദിക്കുന്നത് പലരും കണ്ടെങ്കിലും പോലീസിനെ അറിയിക്കാൻ ആരും ദൈര്യപ്പെട്ടില്ല. ബാറിൽ ഗുണ്ടകൾ തമ്മിൽ അക്രമം നടത്തിയത് സ്ഥാപനത്തിലെ ജീവനക്കാരും പോലീസിനെ അറിയിക്കാനുള്ള താത്പര്യവും കാണിച്ചില്ല.
മനു പറവൂരിൽ എത്തിയത് സഹോദരിയെ കാണാൻ
അന്പലപ്പുഴ: കഴിഞ്ഞ 19 ന് ഉച്ചയോടെ ഏക സഹോദരി മഞ്ജുവിനെയും ഭർത്താവ് ജയനെയും കാണാനെത്തിയ മനു ഉൗണും കഴിഞ്ഞ് വൈകിട്ടോടെ യാത്ര പറഞ്ഞു പോയത് അവസാനയാത്രയായി. ബൈക്ക് റോഡരുകിൽവച്ചിട്ട് സമീപത്തെ ബാറിൽ കയറിയ മനുവിനെ കണ്ട പ്രതികൾ വാക്കേറ്റത്തിൽ ഏർപ്പെടുകയും പിടിവലിക്കിടെ ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്ത് എത്തിക്കുകയുമായിരുന്നു. രാത്രി 10 ഓടെ ആയിരുന്നു സംഭവം. ശക്തമായ മഴ പെയ്തതിനാൽ റോഡ് വിജനമായിരുന്നു. തുടർന്ന് നാലുപ്രതികളും കൂടി മനുവിനെ മർദിച്ചവശനാക്കിയ ശേഷം സമീപത്തു കിടന്നിരുന്ന ഇഷ്ടിക ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു.
പൊട്ടിയ ബിയർ കുപ്പികളും സമീപത്തുണ്ടായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഒളിവിലുള്ള ലൈറ്റ് എന്നു വിളിക്കുന്ന വിപിനും, ഓമനക്കുട്ടനും ചേർന്ന് ആക്ടീവ സ്കൂട്ടറി ഇരുത്തി പറവൂർ പടിഞ്ഞാറ് കടലിൽ കൊണ്ടിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സമീപത്തെ തട്ടുകടയിൽ ചായ കുടിക്കാനായി അടുത്ത ദിവസം മനുവിന്റെ സഹോദരി ഭർത്താവ് ജയൻ എത്തിയപ്പോൾ ഒരു മൊബൈൽ ഫോണ് താഴെ കിടന്നു കിട്ടിയെന്ന് തട്ടുകടക്കാരൻ പറയുകയും ജയൻ മൊബൈൽ വാങ്ങി നോക്കിയപ്പോൾ മനുവിന്റെ താണെന്ന് മനസിലാക്കുകയുമായിരുന്നു.
ഉടൻ തന്നെ മനുവും മാതാപിതാക്കളും ഇപ്പോൾ താമസിക്കുന്ന അന്പനാ കുളങ്ങരമാച്ചനാട് കോളനിയിൽ എത്തി പിതാവ് മനോഹരനുമായി സംസാരിച്ചപ്പോളാണ് മനു രാത്രിയിൽ വീട്ടിൽ എത്തിയിട്ടില്ലെന്ന് മനസ്സിലായത്. ഉടൻ തന്നെ മനോഹരൻ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലും പിന്നീട് പുന്നപ്ര പോലീസ് സ്റ്റേഷനിലും മകനെ കണാനില്ലെന്നു കാണിച്ച് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചിൽ ആരംഭിച്ചത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെക്കുറിച്ചുള്ള വിവരം കിട്ടിയ പോലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതികളായ അപ്പാപ്പൻ പത്രോസും, സൈമണും പിടിയിലാകുന്നത്. വിപിൻ, ഓമനക്കുട്ടൻ എന്നീ പ്രതികളെക്കൂടി കിട്ടാനുണ്ട്. ഇവർക്കായി പോലീസ് തെരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയാലെ ഒൗദ്യോഗികമായി കൊലപാതകമാണെന്ന് പോലീസിന് സ്ഥിരീകരിക്കാനാവൂ. പിടിയിലായ സൈമണിന്റെ അനുജനെ വെട്ടി പരിക്കേൽപ്പിച്ച മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.