ന്യൂഡൽഹി: അഞ്ചു പതിറ്റാണ്ടിലേറെയായി രാജ്യത്തു പാവങ്ങളുടെ ഇടയിൽ സേവനം നടത്തുന്ന വൃദ്ധകന്യാസ്ത്രീക്കു വീസ പുതുക്കി നൽകാതെ രാജ്യത്തുനിന്നു പടിയിറക്കി കേന്ദ്ര സർക്കാർ.
ഉപവിയുടെ മക്കൾ (ഡോട്ടേഴ്സ് ഓഫ് ചാരിറ്റി) സന്യസ്ത സമൂഹത്തിലെ അംഗവും സ്പെയിൻ സ്വദേശിയുമായി സിസ്റ്റർ എനെഡിനയുടെ (86) വീസയാണു പുതുക്കി നൽകാൻ കഴിയില്ലെന്നും പത്തു ദിവസങ്ങൾക്കുള്ളിൽ രാജ്യം വിട്ടുപോകണമെന്നും പതിനൊന്നാം തീയതി അറിയിച്ചത്. തുടർന്ന് ഈമാസം 20നു സിസ്റ്റർ എനെഡിന ഇന്ത്യ വിട്ടു സ്പെയിനിലേക്കു പോയി.
1960ൽ ഇന്ത്യയിലെത്തിയതാണു ഡോക്ടർ കൂടിയായ സിസ്റ്റർ എനെഡിന. 1965 മുതൽ മുടങ്ങാതെ സിസ്റ്റർ എനെഡിന വീസ പുതുക്കിയിരുന്നതാണെന്നാണ് കോണ്‍ഗ്രിഗേഷന്റെ വടക്കേ ഇന്ത്യൻ പ്രൊവിൻഷ്യൽ ചുമതലയുള്ള സിസ്റ്റർ മാർത്ത പ്രധാൻ പറഞ്ഞു.
എന്നാൽ, ഇത്തവണ വീസ പുതുക്കാൻ അപേക്ഷ നൽകിയപ്പോൾ സർക്കാർ നിരസിക്കുകയായിരുന്നു. വീസ പുതുക്കുന്നതിനായി ഓണ്‍ലൈൻ ആയാണ് സിസ്റ്റർ ഓഗസ്റ്റ് ആദ്യവാരം അപേക്ഷ നൽകിയത്. ഇതിനാവശ്യമായ ഫീസും അടച്ചു. എന്നാൽ പത്തു ദിവസത്തിനകം രാജ്യം വിട്ടിരിക്കണം എന്ന നോട്ടീസാണ് ലഭിച്ചതെന്നും സിസ്റ്റർ മാർത്ത പറഞ്ഞു. എന്തു കാരണത്താലാണു വീസ നിഷേധിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
1959ൽ മെഡിക്കൽ ബിരുദം നേടിയ എനെഡിന തൊട്ടടുത്ത വർഷം മാഡ്രിഡിൽ നിന്ന് ഇന്ത്യയിലെത്തി. ഒഡീഷയിലെ ബെഹ്റാംപുരിൽ പാവപ്പെട്ടവർക്കുവേണ്ടി ഒരു ക്ലിനിക്ക് തുടങ്ങി. ആദിവാസി വിഭാഗങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കും ഇടയിലായിരുന്നു അവർ ഏറെയും പ്രവർത്തിച്ചത്.
അഞ്ചു വർഷത്തെ പ്രവർത്തനത്തിനുശേഷം ബെഹ്റാംപുരിൽ നിന്നു ഗജപതി ജില്ലയിലെ പിന്നോക്ക മേഖലയായ മൊഹാനയിലേക്കു മാറി. അവിടെയും പാവപ്പെട്ടവർക്കു വൈദ്യസേവനം നൽകി ഏറെക്കാലം പ്രവർത്തിച്ചു. മൊഹാനയിലെ നിർമല ഗേൾസ് ഹൈസ്കൂളിനോട് ചേർന്ന് ഒരു ഹെൽത്ത് സെന്ററും നടത്തി.
അര നൂറ്റാണ്ടുകാലം തങ്ങളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന എനെഡിനയെ സ്വന്തം അമ്മയെ പോലെയാണ് പ്രദേശവാസികൾ കണ്ടിരുന്നതെന്നു സിസ്റ്റർ മാർത്ത പറഞ്ഞു. ഗ്രാമവാസികളും സഹ സന്യാസിനിമാരും കണ്ണീരോടെയാണ് സിസ്റ്റർ എനെഡിനയെ യാത്രയാക്കിയത്. സിസ്റ്റർ എനെഡിന രാജ്യം വിടാനുണ്ടായ സാഹചര്യം അങ്ങേയറ്റം ദുഃഖകരമാണെന്നു ബെഹ്റാംപുർ ബിഷപ് ഡോ. ശരത് ചന്ദ്ര നായക് പറഞ്ഞു.
തങ്ങൾക്ക് ഭക്ഷണമോ വീടോ ഇല്ലാതിരുന്ന കാലത്ത് സിസ്റ്റർ എനെഡിന ആണ് എല്ലാം ഒരുക്കിത്തന്നതെന്നു സിസ്റ്റർ സ്ഥാപിച്ച ഹോസ്റ്റലിലെ അന്തേവാസിയായ മഹിമ നായക് പറഞ്ഞു. പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സിസ്റ്റർ ഏറെ മുൻകൈ എടുത്തിരുന്നതായും ഹോസ്റ്റലിലെ കുട്ടികൾ പറഞ്ഞു. 1940ൽ സ്ഥാപിതമായതാണ് ഉപവിയുടെ മക്കൾ സന്യസ്ത സമൂഹം. 232 അംഗങ്ങളുള്ള സഭയ്ക്ക് ഇപ്പോൾ 14 രൂപതകളിലായി 42 സ്ഥാപനങ്ങളുണ്ട്.