അന്പലപ്പുഴ: പറവൂരിൽ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് നാലംഗ സംഘം യുവാവിനെ ഇടിച്ചും ചവിട്ടിയും അവശനാക്കി ജീവനോടെ കുഴിച്ചു മൂടിയെന്ന്് സൂചന. പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ടിൽ മണ്ണ് ശരീരത്തിനുള്ളിൽ നിന്നും കണ്ടെത്തിയതാണ് ജീവനോടെ കുഴിച്ചു മൂടി എന്ന നിഗമനത്തിലെത്താൻ കാരണം. ശ്വാസകോശത്തിലും ശരീരത്തിനുള്ളിലും മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു. വിശദമായ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കു ശേഷമേ ലഭിക്കൂ. ശരീരമാസകലം ഏറ്റ ഇടിയുടെ ആഘാതത്തിൽ ചതവു മൂലം ആന്തരികാവയവങ്ങൾക്കും കേടു സംഭവിച്ചു.
ബിയർ കുപ്പി ഉപയോഗിച്ചും, ഇഷ്ടിക ഉപയോഗിച്ചും മർദിച്ച പാടുകൾ ശരീരമാസകലം ഉണ്ട്. ക്രൂര മർദനത്താലാണ് മരിച്ചത്. കൊല്ലപ്പെട്ട മനുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി ഇന്നലെ രാവിലെ 11.30 ഓടെ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. മനുവിന്റെ മാതാപിതാക്കൾ താമസിക്കുന്ന മണ്ണഞ്ചേരി പഞ്ചായത്ത് പതിനേഴാം വാർഡിൽ അന്പനാകുളങ്ങര മാച്ചനാട് കോളനിയിയിലെ വീട്ടുവളപ്പിൽ വൈകുന്നേരം നാലോടെ മൃതദേഹം സംസ്കരിച്ചു.
കേസിൽ ഇതുവരെ അഞ്ചു പേരാണ് അറസ്റ്റിലായിട്ടുള്ളത്.
ഇവർ റിമാന്റിലാണ്. പറവൂർ സ്വദേശികളായ തൈപ്പറന്പിൽ അപ്പാപ്പൻ പത്രോസ് (28), വടക്കെ തൈയ്യിൽ സനീഷ് (സൈമണ്29), കാക്കരിയിൽ ഓമനക്കുട്ടൻ (ജോസഫ്-19), പറയക്കാട്ടിൽ കൊച്ചുമോൻ (39), തെക്കേപാലയ്ക്കൽ ജോണ് പോൾ (33) എന്നിവരാണ് റിമാന്റിലുള്ളത്. സംഘത്തിലുണ്ടായിരുന്ന പനഞ്ചിക്കൽ വിപി (ആന്റണി സേവ്യർ-28) നേയും മൃതദേഹം മറവു ചെയ്യാൻ കൂട്ടുനിന്ന നാലുപേരെയും ഇനിയും പിടികൂടാനുണ്ട്. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഉൗർജിതമാക്കി. കഴിഞ്ഞ 19 നാണ് സംഭവം നടന്നത്.
പറവൂരിലുള്ള സഹോദരി മഞ്ജുവിന്റെ വീടായ രണ്ടു തൈയ്യിലെത്തിയ മനു വൈകുന്നേരത്തോടെ പറവൂരിലെ ബാറിൽ മദ്യപിക്കാനെത്തിയതായിരുന്നു. ഈ സമയം നാലംഗ സംഘവും ബാറിലെത്തി. മുൻ വൈരാഗ്യമുള്ള മനുവിനെ കണ്ടതോടെ വാക്കേറ്റമുണ്ടാകുകയും മർദിക്കുകയുമായിരുന്നു. ബാറിൽ നിന്നിറങ്ങി റോഡിൽ നിന്നിരുന്ന മനുവിനെ വീണ്ടും എത്തി മർദിച്ച് ദേശീയ പാതയുടെ പടിഞ്ഞാറു ഭാഗത്ത് എത്തിച്ചു. ഇവിടെ വെച്ച് അതിക്രൂരമായി ഇഷ്ടിക ഉപയോഗിച്ച് ശരീരമാസകലം മണിക്കൂറുകളോളം മർദിച്ചു.
മരണം സ്ഥിരീകരിച്ച ശേഷം സ്കൂട്ടറിൽ ഓമനക്കുട്ടനും, വിപിനും ചേർന്ന് മനുവിനെ പറവൂർ ഗലീലിയ കടപ്പുറത്ത് വിജനമായ സ്ഥലത്ത് എത്തിച്ചു. പിന്നാലെ അപ്പാപ്പൻ പത്രോസും, സൈമണും സ്ഥലത്തെത്തി. ഇവരുടെ സുഹൃത്തുക്കളായ കൊച്ചുമോനേയും, ജോണ് പോളിനേയും മറ്റു മൂന്നു പേരെക്കൂടി വിളിച്ചു വരുത്തി ചന്തക്കടവിന് 200 മീറ്റർ മാറി അരയാൾ താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം മറവുചെയ്യുകയായിരുന്നു.
സംഭവ സ്ഥലത്തു നിന്നും കിട്ടിയ മൊബൈൽ ഫോണ് മനുവിന്റെതാണെന്ന് സഹോദരീ ഭർത്താവ് ജയൻ കണ്ടെത്തിയതിനെ തുടർന്ന് മനുവിന്റെ പിതാവിനെ വിവരം അറിയിക്കുകയും പുന്നപ്ര പോലീസിൽ പരാതി നൽകുകയുമായിരുന്നു. ബാറിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്നുള്ള തിരച്ചിലിലാണ് അപ്പാപ്പൻ പത്രോസിനെയും, സൈമണേയും പിടികൂടിയത്.
എന്നാൽ മൃതദേഹം കല്ലു കെട്ടി വള്ളത്തിൽ കയറ്റി കടലിൽ ഒഴുക്കിയെന്നാണ് പ്രതികൾ ആദ്യം പോലീസിനോടു പറഞ്ഞത്. മൊഴിയുടെ അടിസ്ഥാനത്തിൽ കോസ്റ്റു ഗാർഡിന്റെ സഹായത്തോടെ മത്സ്യതൊഴിലാളികൾ കടലിൽ വ്യാപകമായ തെരച്ചിലും നടത്തി. അടുത്ത ദിവസം ഓമനക്കുട്ടനെ പിടികൂടിയതോടെയാണ് കേസിൽ 10 ഓളം പേരുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ ആരംഭിച്ച പോലീസിന് കൊച്ചുമോനെയും, ജോണ് പോളി നേയും പിടികൂടാനായതാണ് മൃതദേഹം കണ്ടെത്താൻ സഹായിച്ചത്.
കൊച്ചുമോനെ വിശദമായി ചോദ്യം ചെയ്തപ്പോൾ മൃതദേഹം കടൽതീരത്ത് കുഴിയെടുത്തു മറവു ചെയ്യുകയായിരുന്നെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. കൊച്ചുമോൻ മറവു ചെയ്ത സ്ഥലവും പോലീസിന് കാട്ടിക്കൊടുത്തു. രണ്ടു മണിക്കൂർ നേരത്തെ ശ്രമഫലമായി മണ്ണ് നീക്കി മൃതദേഹം പുറത്തെടുത്തു. മനുവിന്റെ പിതാവ് മനോഹരൻ മൃതദേഹം തിരിച്ചറിയുകയും ചെയ്തതോടെ ഇൻക്വസ്റ്റ് തയ്യാറാക്കി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമാർട്ടത്തിനായി മൃതദേഹം മാറ്റുകയായിരുന്നു.
പ്രതികളും കൊല്ലപ്പെട്ട മനുവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും, ജയിൽ ശിക്ഷ കഴിഞ്ഞവരുമാണ്. മൃതദേഹം കണ്ടെത്താൻ ആശയകുഴപ്പമുണ്ടായെങ്കിലും കണ്ടെത്താനായത് പോലീസിന് ആശ്വാസമായി. കിട്ടാനുള്ള പ്രതികളെ കൂടി ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ ഡിവൈഎസ്പി പി.വി ബേബിയുടെ നേതൃത്വത്തിൽ ആലപ്പുഴ സി.ഐ. രാജേഷും, പുന്നപ്ര പോലീസും ചേർന്നാണ്് കേസ് അന്വേഷിക്കുന്നത്.