തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ടെന്നിരിക്കെ പാലായില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷന്റെ നടപടി ദുരുദ്ദേശപരമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.
രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ ദുരുദ്ദേശമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് പാലായില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും മീണ വ്യക്തമാക്കി.
കേരളത്തില്‍ ഒഴിവുള്ള ബാക്കി അഞ്ചു മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നും മീണ വിശദമാക്കി. പെരുമാറ്റച്ചട്ടലംഘനം തെരഞ്ഞെടുപ്പ് കാലത്ത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.