തലശേരി: ഇരുപത്തിനാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് കുഴിച്ചു മൂടിയ സംഭവത്തിൽ കാഞ്ഞങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. കാഞ്ഞങ്ങാട് സിഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ നടത്തിയ തെരച്ചിലിൽ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തി. മൃതദേഹം കുഴിച്ചിട്ടുവെന്ന് സംശയിക്കുന്ന കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്തെ സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.
കാഞ്ഞങ്ങാട് ആർഡി ഒയുടെ സാന്നിധ്യത്തിൽ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് സിഐ വിനോദ് കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. ഇതിനിടയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയത് കുട്ടിയുടെ മാതാവിന്റെ അമ്മയുടെ കാമുകനാണെന്ന് പോലീസിന് സൂചന ലഭിച്ചു.
കഴിഞ്ഞ ജൂലൈ ആറിനു തലശേരി റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ വച്ചു തന്നെ ഒരാള്‍ പീഡിപ്പിച്ചതായും 30,000 രൂപ കവര്‍ന്നതായും രാജസ്ഥാന് സ്വദേശിനി നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തുവന്നത്. രാജസ്ഥാന് സ്വദേശിനി നല്കിയ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതി കസ്റ്റഡിയിലായപ്പോഴാണു പ്രതി പരാതിക്കാരിയുടെ മകളുടെ ഭര്‍ത്താവാണെന്നു വ്യക്തമായത്.
മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ടു കോഴിക്കോട് ഒരു കേസ് നിലവിലുള്ളതായും തലശേരി പോലീസ് കണ്ടെത്തി. തന്റെ മകളെ തട്ടിക്കൊണ്ടു പോയതായി ഇപ്പോള്‍ പീഡനത്തിനിരയായെന്നു പറയുന്ന സ്ത്രീ നല്കിയ പരാതിയിലാണു കഴിഞ്ഞ വര്‍ഷം കോഴിക്കോട് പോലീസ് കേസെടുത്തത്.
തുടര്‍ന്നു രാജസ്ഥാനിലേക്കു പോയ പോലീസ് സംഘം പെണ്‍കുട്ടിയേയും യുവാവിനേയും കസ്റ്റഡിയിലെടുത്ത് കോഴിക്കോട് എത്തിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും വിവാഹിതരാണെന്നു വ്യക്തമായതോടെ ഇരുവരേയും സ്വന്തം ഇഷ്ടപ്രകാരം ഒന്നിച്ചു പോകാന്‍ കോടതി അനുവദിച്ചു. തുടര്‍ന്നു ജൂലൈ മാസത്തില്‍ ഇവര്‍ക്കു കുട്ടി ജനിക്കുകയും ചെയ്തു. ഈ കുട്ടിയെയാണു കാഞ്ഞങ്ങാടുവച്ചു കൊലപ്പെടുത്തിയതായി വെളുപ്പെടുത്തല്‍ ഉണ്ടായിട്ടുള്ളത്.