ചാവശേരി: കനത്ത മഴയിൽ വെള്ളം കയറി തകരാർ സംഭവിച്ച വീട്ടുപകരണങ്ങൾ നന്നാക്കി നൽകി വിദ്യാർഥികളും അധ്യാപകരും മാതൃകയായി. മട്ടന്നൂർ വെളിയമ്പ്ര കൊട്ടാരത്തിൽ കടവരാന്തയിൽ ക്യാമ്പ് വച്ചാണ് വീടുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നന്നാക്കി നൽകിയത്.
ചാലക്കുടിയിൽ നിന്നെത്തിയ ഐടിഐ വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന 24 അംഗ സംഘമാണ് മെക്കാനിക്കൽ പ്രവൃത്തിയിൽ ഏർപ്പെട്ടത്. ഒരാഴ്ച മുമ്പുണ്ടായ കനത്ത മഴയിൽ തോട് കവിഞ്ഞൊഴുകി വെളിയമ്പ്ര കൊട്ടാരം, കാഞ്ഞിരംകരി, പറയനാട് മേഖലയിലെ നിരവധി വീടുകളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്.
നൂറോളം വീടുകളിലെ വീട്ടുപകരണങ്ങളാണ് വെള്ളം കയറി ഉപയോഗശൂന്യമായത്. ഫ്രിഡ്ജ്, മിക്സി, ടെലിവിഷൻ, കമ്പ്യൂട്ടർ, വാഷിംഗ് മെഷീൻ, ഫാൻ, മോട്ടോറുകൾ തുടങ്ങിയവയാണ് വീട്ടുകാർ ക്യാമ്പിലെത്തിച്ചത്. ക്യാമ്പിലെത്തിച്ച ഭൂരിഭാഗം ഉപകരണങ്ങളും ഉപയോഗിക്കാൻ വിധത്തിൽ നന്നാക്കി നൽകി.
ഹരിത കേരള റിസോഴ്സിന്റെ നേതൃത്വത്തിലാണ് ഐടിഐ വിദ്യാർഥികൾ അടങ്ങുന്ന സംഘം കണ്ണൂർ ജില്ലയിലെത്തിയത്. കഴിഞ്ഞ 15 നാണ് ജില്ലയിലെത്തിയതെന്നും മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഓരോ പ്രദേശത്ത് എത്തി ഇലക്ട്രോണിക്സ് ഉപകരണങ്ങളും വയറിംഗും നന്നാക്കി വരുന്നതെന്ന് അധ്യാപകർ പറഞ്ഞു.
പടിയൂർ, ചിറക്കൽ, മലപ്പട്ടം, ഏഴോം തുടങ്ങിയ സ്ഥലങ്ങളിലെത്തി ആയിരത്തോളം ഉപകരണങ്ങൾ നന്നാക്കി നൽകിയതായി ഇവർ പറയുന്നു. ഹരിത കേരള റിസോഴ്സ് ഓഫീസർ കെ.നാരായണൻ, അധ്യാപകരായ എ.ആർ.ബാബു, കെ.കെ.അയ്യപ്പൻ, പി.എം.യൂസഫ്, കെ.ജി.സതീഷ്, പി.സോമദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നന്നാക്കിയത്.