കോട്ടയം: പാലാ പിടിക്കാൻ സിപിഎമ്മിന്റെ പുതിയ പ്ര ചാരണ തന്ത്രം. 10 വീടുകൾക്ക് ഒരു പാർട്ടി അംഗവും 25 വീടിന് ഒരു വനിതാ പാർട്ടിയംഗവും എന്ന നിലയിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മോഡൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. വൈക്കം വിശ്വൻ, എം.എം.മണി, കെ.പി.മേരി, ജയിംസ് മാത്യു, പി.കെ.ബിജു, കെ.സോമപ്രസാദ് , പി.രാജേന്ദ്രൻ, കെ. സുരേഷ്കുറുപ്പ് എന്നിവരാണ് പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. പാർട്ടി എംഎൽഎമാർക്ക് പഞ്ചായത്തുകളുടെ ചുമതല നൽകും.
ഇന്നലെ സിപിഎം പാലാ ഏരിയാകമ്മിറ്റി ഓഫീസിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് പുതിയ പ്രചാ രണ തന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. പാലാ ഒഴികെ 11 ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള 20 കമ്മിറ്റിയംഗങ്ങൾക്ക് ബൂത്തുകളുടെ ചുമതല നൽകി.
ജില്ലാ കമ്മിറ്റിയംഗങ്ങൾക്ക് മൂന്നു പഞ്ചായത്തുകളുടെയും ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾക്ക് രണ്ടു പഞ്ചായത്തുകളുടെയും ചുമതലയുണ്ടാകും. രാഷ്ട്രീയ രംഗത്ത് ഉണ്ടായിരിക്കുന്ന പുതിയ സാഹചര്യങ്ങൾ എൽഡിഎഫിന് അനുകൂലമാണെന്നും ബൂത്ത് തലത്തിൽ വീടുകൾ കേന്ദ്രീകരിച്ച് വോട്ടർമാരെ നേരിൽകണ്ടുള്ള പ്രവർത്തന പരിപാടികളാണ് പാർട്ടിതലത്തിൽ മുന്നേറുന്നതെന്നും ജില്ലാ സെക്രട്ടറി വാസവനും പാലാ മണ്ഡലം സെക്രട്ടറി ലാലിച്ചൻ ജോർജും പറഞ്ഞു.