മുംബൈ: വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബൈയിൽ തലക്കടിച്ചു കൊലപ്പെടുത്തി. പാലക്കാട് ആറ്റശേരി സ്വദേശി മുഹമ്മദാലി (65)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബോംബെ മെട്രോ ഹോസ്പിറ്റലിന് മുൻപിൽ ഇളനീർ കച്ചവടം നടത്തി വരികയായിരുന്നു മുഹമ്മദാലി. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഒരാളെ പിടികൂടിയിട്ടുണ്ട്.
മുഹമ്മദാലിയുടെ കടയ്ക്ക് മുൻപിൽ മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തതു ചോദ്യം ചെയ്തതിനെ തുടർന്ന് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി മുഹമ്മദാലി തർക്കത്തിലായി. തർക്കം മൂത്തതോടെ യുവാക്കൾ ഇന്റർലോക്ക് ഇഷ്ടിക കൊണ്ടു മുഹമ്മദാലിയെ തലയ്ക്ക് പുറകിൽ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ കേസെടുത്ത ആസാദ് മൈതാൻ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മുഹമ്മദാലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നാലരപതിറ്റാണ്ടായി നഗരത്തിൽ ഇളനീർ കച്ചവടം നടത്തിവരികയായിരുന്നു മുഹമ്മദലി. പത്തുവർഷംമുന്പാണ് മുംബൈ ഹോസ്പിറ്റൽ പരിസരത്തെത്തിയത്.