കായംകുളം: ബാറിനു സമീപമുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ റിമാൻഡിലായ മുഖ്യ പ്രതികളെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി.
കായംകുളം കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തൻപുരയ്ക്കൽ ഷമീർഖാനെ(25) തലയിലൂടെ കാർ കയറ്റി കൊന്ന കേസിലെ മുഖ്യ പ്രതികളായ കായംകുളം ഐക്യ ജംഗ്ഷൻ വലിയ വീട്ടിൽ ഷിയാസ്(21 ), കായംകുളം പുത്തൻകണ്ടത്തിൽ അജ്മൽ (20), കൊറ്റുകുളങ്ങര മേനാന്തറയിൽ സഹിൽ (21) എന്നിവരാണ് സംഭവത്തിലെ പ്രതികൾ.
കസ്റ്റഡിയിൽ വാങ്ങിയ ശേഷം പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായങ്ങൾ നൽകിയതിന് എരുവ പടിഞ്ഞാറ് തുരുത്തിയിൽ ആഷിഖ് (24), കായംകുളം പുത്തൻപുര വടക്കതിൽ അജ്മൽ (23), പടനിലം നന്പലശേരി ഫഹദ് (19), ചിറക്കടവം ആന്േറാ വില്ലയിൽ റോബിൻ (23), ചേരാവള്ളി തുണ്ടിൽ തെക്കതിൽ ശരത് (19), കിളിമാനൂർ മഠത്തിൽ കുന്ന് ശ്രീഈശ്വരി ഭവനം സുഭാഷ് (29) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരും റിമാൻഡിലാണ്. മുഖ്യ പ്രതികൾ ഉൾപ്പടെ കേസിൽ ഒന്പത് പ്രതികളെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.