പരിയാരം(കണ്ണൂർ): എടിഎം അടിച്ചുതകര്‍ത്ത കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിലാത്തറ ദേശീയപാതയോരത്തെ എടിഎം അടിച്ചു തകര്‍ത്ത കേസിലാണ് കണ്ണൂര്‍ കക്കാട് കൊറ്റാളിയിലെ ചക്കര പൊയ്യന്‍ വീട്ടില്‍ സി.പി.ദീപക്രാജി (34)നെ പരിയാരം സിഐ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച രാത്രിയിലാണ് ദേശീയ പാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം മെഷീനിന്റെ മോണിറ്റര്‍, ഡയല് പാഡ് എന്നിവ അടിച്ചു തകര്‍ത്തത്.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സുഹൃത്തിനെ കാണാന്‍ പിലാത്തറയിലെത്തിയ ദീപക്രാജ് ശനിയാഴ്ച്ച രാത്രി 8.45ന് പണം എടുക്കുന്നതിനായി എടിഎമ്മിലെത്തിയെങ്കിലും പണം പുറത്തു വന്നതില്‍ ഒരു 500 രൂപ നോട്ട് എടിഎമ്മില്‍ കുടുങ്ങിയത് എത്ര ശ്രമിച്ചിട്ടും വലിച്ചെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കോപാകുലനായി പുറത്തു പോയി കല്ലുമായി വന്ന് മോണിറ്ററും ഡയല് പാഡും അടിച്ച് തകര്‍ത്തത്.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.