വൈപ്പിൻ: പ്രളയദുരന്തത്തിനിടെ പിതാവ് നഷ്ടപ്പെട്ട അഭയാർഥിയായ ബാലിക മാനുഷയ്ക്ക് വീട് നിർമിച്ചു നൽകുന്ന ഞാറയ്ക്കൽ സ്വദേശിയായ ജിജു ജേക്കബ് മൂഞ്ഞേലിക്ക് നായരന്പലം ഗീതിക കലാകേന്ദ്രത്തിന്റെ ആദരവ്. നായരന്പലം വ്യാപാരഭവൻ ഹാളിൽ നടന്ന ഉന്പായി അനുസ്മരണ ചടങ്ങിലാണ് ഭാരവാഹികൾ പൊന്നാട അണിയിച്ചത്. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചാണ് ജിജു മടങ്ങിയത്.
കോഴിക്കോട് സ്വദേശിയായ ബാലികയ്ക്കു കോഴിക്കോട് തന്നെ വീട് നിർമിച്ച് നൽകാമെന്ന് ജില്ലാകളക്ടറെ നേരിൽ കണ്ട് രേഖാമൂലം അറിയിക്കുകയാണ് ജിജു ചെയ്തത്. ആലപ്പുഴയിലെ ദന്പതികൾ ബാലികയെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ച് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത സന്ദേശമാണ് മാനുഷയെ ജിജുവിന്റെ ശ്രദ്ധയിൽ പെടാൻ ഇടയാക്കിയത്. ഉപയോഗിച്ചതും കേടുപാടില്ലാത്തതുമായ വസ്ത്രങ്ങൾ പരസ്പരം സൗജന്യമായി കൈമാറാൻ സഹായിക്കുന്ന ഗിവ് ആൻഡ് ടേക്ക് എന്ന സംരംഭത്തിലൂടെ ജിജു നേരത്തെതന്നെ ശ്രദ്ധേയനായിരുന്നു.
ചടങ്ങിൽ കലാകേന്ദ്രം കോഓർഡിനേറ്റർ കെ.എ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. അനിൽ വെസ്റ്റൽ, അനിൽ പ്ലാവിയൻസ്, കെ.എൽ. ഹരിലാൽ, കെ.എ. ജിതേഷ്, കെ.ടി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.