പോത്തിനോട് വേദമോതിയിട്ടു കാര്യമുണ്ടോ…എന്നു പറയാറുണ്ട്. കാട്ടുപോത്തുകളുടെ നടുവില്‍ അകപ്പെട്ട നിമിഷത്തെക്കുറിച്ച് ഭീതിയോടെ വിവരിക്കുകയാണ് അമ്പതുകാരനായ ബ്രൂസ് ഡെല്ലെ ചിലേ. യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ബ്രൂസ് ഡെല്ലെയും ഭാര്യയും മൂന്ന് മക്കളും ഉള്‍പ്പെടുന്ന കുടുംബം. വാടകയ്‌ക്കെടുത്ത കാറിലായിരുന്നു ഇവരുടെ യാത്ര. ഓഗസ്റ്റ് 13 നാണ് ഇവര്‍ ഇവിടെയെത്തിയത്. ലാമര്‍ വാലിയില്‍ കാര്‍ നിര്‍ത്തിയിട്ട് കുടുംബം ഇറങ്ങിയത് മാന്‍ വര്‍ഗത്തില്‍ പെട്ട മൂസിനെ കാണുക എന്ന ലക്ഷ്യത്തോടെയാണ്. ഇവരുടെ വാഹനത്തിനു പിന്നിലായി നിരവധി വാഹനങ്ങളും നിരത്തിലുണ്ടായിരുന്നു.
മൂസുകള്‍ മേയുന്നത് കാണാനിറങ്ങിയ ഇവരെ കാത്തിരുന്നത് മറ്റൊരു ഭീകരമായ കാഴ്ചയാണ്. ബ്രൂസ് ഡെല്ലെ മൂസുകളെ തിരയുന്നതിനിടയില്‍ മകനാണ് ആ ഭീകരമായ കാഴ്ച കണ്ടത്. ഒരു കൂട്ടം കാട്ടുപോത്തുകള്‍ നിരത്തിലൂടെ കാറിനെ ലക്ഷ്യമാക്കി പാഞ്ഞു വരുന്നു. പെട്ടെന്നു തന്നെ എല്ലാവരോടും കാറിനുള്ളിലേക്ക് കയറാന്‍ മകന്‍ വിളിച്ചു പറഞ്ഞു. ഒരു നിമിഷത്തേക്ക് എന്താണ് സംഭവിക്കുന്നതെന്ന് ബ്രൂസ് ഡെല്ലെയ്ക്കു മനസ്സിലായില്ല. അമ്പരന്നു നിന്ന ബ്രൂസിനെ ഭാര്യയുടെ മുന്നറിയിപ്പാണ് അകത്തേക്ക് കയറാന്‍ പ്രേരിപ്പിച്ചത്.
ബ്രൂസ് ഡെല്ലെ അകത്തേക്ക് കയറിയതിനു തൊട്ടടുത്ത നിമിഷമാണ് കാട്ടുപോത്തുകള്‍ വാഹനത്തിനരികിലൂടെ ഓടിപ്പോയത്. കൂട്ടത്തില്‍ ഒരു കൂറ്റന്‍ കാട്ടുപോത്ത് വാഹനത്തെ ആക്രമിക്കുകയും ചെയ്തു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. വാതിലും തകര്‍ന്നിട്ടുണ്ട്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ശ്വാസമടക്കിപ്പിടിച്ചാണ് ഈ സമയമത്രയും കുടുംബം കാറിനുള്ളില്‍ ഇരുന്നത്. എന്തായാലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്ന് ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് ബ്രൂസ് ഡെല്ലെയും കുടുംബവും.