തൃശൂർ: വീട്ടാവശ്യത്തിനു പച്ചക്കറി കൃഷി ചെയ്യുന്നവരുടെ ഫേസ് ബുക്ക് കൂട്ടായ്മയായ “കൃഷിത്തോട്ടം’ ഗ്രൂപ്പ് പ്രളയക്കെടുതിയിൽ പച്ചക്കറി നശിച്ചവർക്കു സൗജന്യമായി പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നു. നെല്ലിക്കുന്നിലെ വിതരണം കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം.എൽ. റോസി ഉദ്ഘാടനം ചെയ്തു.
മഴക്കെടുതി മൂലം കൃഷി നശിച്ചവർക്കും പുതുതായി കൃഷി തുടങ്ങുന്നവർക്കും വേണ്ടിയാണ് പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും തൈകൾ വിതരണം ചെയ്യുന്നുണ്ട്. വെയിലും മഴയും താങ്ങാവുന്ന രീതിയിൽ ഹാർഡനിംഗ് ചെയ്ത പയർ, വെണ്ട, വഴുതിന, തക്കാളി, പച്ചമുളക്, വെള്ളരി തുടങ്ങിയ പച്ചക്കറിത്തൈകളും ഫാഷൻ ഫ്രൂട്ട്, മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയവയുമാണ് തീർത്തും സൗജന്യമായിത്തന്നെ വിതരണം ചെയ്യുന്നത്. തൃശൂരിലെ ഫാമിൽനിന്നാണ് ഇവ ഉത്പാദിപ്പിക്കുന്നത്.
വീട്ടാവശ്യത്തിനു സ്വന്തമായി പച്ചക്കറികൃഷി ചെയ്യുന്നവരുടെ ആവശ്യങ്ങളും സംശയങ്ങളും പരിഹരിക്കാൻ രൂപീകൃതമായി 2015 ൽ രൂപംകൊണ്ട ഗ്രൂപ്പാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കൃഷിയെ സ്നേഹിക്കുന്ന ഒന്നരലക്ഷത്തോളം മലയാളികളാണ് ഈ ഗ്രൂപ്പിലൂടെ വിത്തുകൾ കൈമാറുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യുന്നത്.
അംഗങ്ങൾക്കു സൗജന്യമായി വിത്തുകൾ കൊടുക്കാനുള്ള അഞ്ച് വിത്തുബാങ്കുകൾ ഈ ഗ്രൂപ്പിനു കീഴിലുണ്ട്. ഗ്രൂപ്പിലുള്ള അംഗങ്ങളും കുടുംബാംഗങ്ങളുമാണ് ബാങ്കിലേക്കു വിത്തുകൾ സംഭാവന നൽകുന്നത്. എല്ലാ ജില്ലകളിലും വർഷംതോറും ആയിരത്തോളം പേർ പങ്കെടുത്ത കുടുംബ സംഗമങ്ങൾ നടത്താറുണ്ട്.