തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലേയും കുതിരാൻ തുരങ്കത്തിലേയും പണി പുനരാരംഭിക്കുന്നതിനും നിർമാണപ്പിഴവുകൾ പരിഹരിക്കുന്നതിനും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വിളിച്ചുകൂട്ടിയ എംപിമാരുടെ യോഗത്തിലെ തീരുമാനങ്ങൾ നടപ്പായില്ല.
റോഡിന്റെ വശങ്ങൾ ബലപ്പെടുത്താൻ നിരത്തിയ മണ്ണുനിറച്ച ചാക്കുകൾ മാറ്റി കരിങ്കല്ലുകൊണ്ടു കെട്ടുന്ന പണി ഒരാഴ്ചയ്ക്കകം ചെയ്യുമെന്നായിരുന്നു ജൂലൈ 12 നു ഡൽഹിയിൽ ചേർന്ന യോഗത്തിലെ പ്രധാന തീരുമാനം. അപകട സാധ്യതയുള്ള മുളയം റോഡ് പണിയും വേഗത്തിലാക്കും. അടുത്ത വർഷം മേയ് 31 നകം എല്ലാ പണികളും പൂർത്തിയാക്കുമെന്നും തീരുമാനിച്ചിരുന്നു.
ജൂലൈ 12 ലെ യോഗത്തിനുശേഷം 20 നു കേന്ദ്രമന്ത്രി വി. മുരളീധരൻ സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു തീരുമാനവും നടപ്പായിട്ടില്ല. കേന്ദ്രമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിൽ എംപിമാർക്കൊപ്പം പങ്കെടുത്തിരുന്ന കോണ്ഗ്രസ് തൃശൂർ ജില്ലാ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഒരു തീരുമാനവും നടപ്പായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു കത്തയച്ചു.
കരാറനുസരിച്ചുള്ള പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കരാർ കന്പനിക്കും മേൽനോട്ടം വഹിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി ചെയർമാനും കർശന നിർദേശം നൽകണമെന്നു കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.