കണ്ണൂർ: നഗരത്തിലെ കടവരാന്തകളിൽ അന്തിയുറങ്ങുന്നവർ കടയും പരിസരങ്ങളും വൃത്തിഹീനമാക്കുന്നതായി വ്യാപാരികൾ. രാത്രിയിൽ കടയടക്കുന്നതോടെ കൈയിൽ കരുതുന്ന വൃത്തിഹീനമായ ഭാണ്ഡക്കെട്ടുമായി എത്തുന്ന ഭിക്ഷാടകർ ഉൾപ്പെടെയുള്ളവർ പേപ്പറും മറ്റും വിരിച്ചു കിടക്കുകയാണു പതിവ്.
പലരും മദ്യലഹരിയിലായിരിക്കും. രാത്രിയിൽ ഇടയ്ക്ക് ഉറക്കമുണരുന്ന ഇവർ കടയുടെ അടുത്തുതന്നെ മൂത്രമൊഴിക്കും. മറ്റു ചിലരാകട്ടെ അതിരാവിലെ ഉറക്കമുണർന്ന് പ്രഭാതകർമങ്ങൾ പരിസരപ്രദേശത്തു തന്നെ നടത്തും. തുടർന്നാണ് ഭിക്ഷാടനത്തിനും മറ്റു തൊഴിലിലുമായി വേർപിരിഞ്ഞുപോകുന്നത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 700 ലധികം പേർ ഇത്തരത്തിൽ താമസിക്കുന്നതായിട്ടാണ് പോലീസിന്റെ നിഗമനം. ഇവരിൽ ചിലർ മോഷണങ്ങളും നടത്താറുണ്ടെന്ന് പോലീസ് പറയുന്നു. രാവിലെ കടതുറക്കാൻ എത്തുന്ന വ്യാപാരികൾ ശരിക്കും കഷ്ടപ്പെടുകയാണ്. ആരാണ് കടവരാന്തയിൽ ഉറങ്ങാൻ എത്തുന്നതെന്ന് വ്യാപാരികൾക്ക് യാതൊരു പിടിയുമില്ല.
ഭിക്ഷാടകരും മറ്റു വൃത്തിഹീനമാക്കുന്ന കടവരാന്തകൾ വൃത്തിയാക്കലാണ് രാവിലെ കടതുറക്കാനെത്തുന്നവർ ആദ്യം ചെയ്യുന്നത്. നിരവധി തവണ ഇക്കാര്യം ബന്ധപ്പെട്ട യൂണിയനുകൾക്കു പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നു വ്യാപാരികൾ പറയുന്നു. കണ്ണൂർ കോർപറേഷനിൽ ഭരണമാറ്റം വരുന്നതോടെ പുതിയ മേയറെ കാണാൻ ഒരുങ്ങുകയാണ് ഒരുപറ്റം വ്യാപാരികൾ.