തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങളിൽ ശശി തരൂർ-കെ. മുരളീധരൻ വാക്പോര് തുടരുന്നു. തനിക്കെതിരായ പരാമർശങ്ങളിൽ തരൂരിനെതിരേ വിമർശനം ശക്തമാക്കി മുരളീധരൻ രംഗത്തെത്തി.
കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരന്പര്യത്തിനു മാർക്കിടാൻ തരൂർ ആയിട്ടില്ലെന്നും ശശി തരൂർ തെറ്റ് മനസ്സിലാക്കണമെന്നും മുരളീധരൻ തുറന്നടിച്ചു. തരൂർ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ പാർട്ടിയോടു നടപടി ആവശ്യപ്പെടും. പാർട്ടി ലേബലിൽ ജയിച്ചില്ലെങ്കിൽ പാർട്ടി നയങ്ങളും അനുസരിക്കണം. കോണ്‍ഗ്രസിൽ ഇരുന്നു മോദി സ്തുതി വേണ്ട. ഇനിയും മോദി സ്തുതി തുടർന്നാൽ പരസ്യമായി ബഹിഷ്ക്കരിക്കേണ്ടിവരുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ദ പ്രിന്റ് വാർത്താവെബ്സൈറ്റിൽ പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ലേഖനത്തിലാണ് തരൂർ മുരളീധരനു നേരെ ഒളിയന്പെയ്തത്. തന്നെ വിമർശിച്ച നേതാവ്, കോണ്‍ഗ്രസിൽനിന്നു പുറത്തുപോയി പാർട്ടിക്കെതിരെ നിശിതവിമർശനങ്ങൾ നടത്തിയ ശേഷം പാർട്ടിയിൽ മടങ്ങിയെത്തിയിട്ട് എട്ടു വർഷമാകുന്നതേയുള്ളു എന്നതാണു രസകരം എന്നു കെ. മുരളീധരനെ ഉദ്ദേശിച്ച് തരൂർ ലേഖനത്തിൽ എഴുതി. ഇതിനു പിന്നാലെയാണ് മറുപടിയുമായി മുരളി രംഗത്തെത്തിയത്.
മോദി അനുകൂല പരാമർശം നടത്തിയ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെ പിന്തുണച്ചതാണു തരൂരിന് ഇക്കുറി വിനയായത്. മോദി അത്ര മോശക്കാരനല്ലെന്നും മോദിയെ എപ്പോഴും കുറ്റം പറയുന്നതു കോണ്‍ഗ്രസിനു ഗുണം ചെയ്യില്ലെന്നായിരുന്നു രമേശിന്റെ പരാമർശം. ഇതിനു പിന്നാലെ അഭിഷേക് മനു സിംഗ്വിയും ശശി തരൂരും ഇതേ നിലപാട് ആവർത്തിച്ചു.
ഇതിനോടു പ്രതികരിച്ച മുരളീധരൻ, മോദിയെ സ്തുതിക്കേണ്ടവർക്കു ബിജെപിയിലേക്കു പോകാമെന്നും കോണ്‍ഗ്രസിന്റെ ചെലവിൽ മോദി സ്തുതി വേണ്ടെന്നും പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി വട്ടിയൂർകാവിലേക്കു തരൂർ വരണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.