കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായ കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഇന്നു രാവിലെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ 11.30നാണ് കോട്ടയം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി സി. ജയചന്ദ്രൻ 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. തുടർന്ന് കോട്ടയം ജില്ലാ ജയിലിലേക്ക് പ്രതികളെ മാറ്റി.
ഇന്നു രാവിലെ എട്ടിന് പോലീസ് അകന്പടിയോടെ പ്രതികളെ തിരുവനന്തപുരത്തേക്ക് മാറ്റി. രാവിലെ കോട്ടയം ജയിലിലെ പ്രഭാത ഭക്ഷണം പ്രതികൾക്ക് നല്കി. 2018 മേയ് 27ന് പുലർച്ചെ നട്ടാശേരി പ്ലാത്തറയിൽ കെവിൻ പി. ജോസഫിനെ (23) മാന്നാനത്തുനിന്നും തട്ടിക്കൊണ്ടുപോയി തെൻമല ചാലിയേക്കരയിൽ പുഴയിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
ദളിത് വിഭാഗത്തിൽപ്പെട്ട കെവിനെ പുനലൂർ തെന്മല ഷാനുഭവനിൽ നീനു ചാക്കോ (21) പ്രണയിച്ചു വിവാഹം നടത്തിയതിലെ അമർഷമാണു നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിൽ പ്രതികൾ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുവാൻ ഇടയാക്കിയതെന്നാണ് കേസ്.
നീനുവിന്റെ സഹോദരനും കേസിലെ ഒന്നാംപ്രതിയുമായ തെന്മല ഒറ്റക്കൽ ഷാനു ഭവനിൽ ഷാനു ചാക്കോ (27), രണ്ടാംപ്രതി ഇടമണ്‍ നിഷാന മൻസിൽ നിയാസ് മോൻ (ചിന്നു-24), മൂന്നാംപ്രതി ഇടമണ്‍ തേക്കുംകൂപ്പ് താഴത്ത് ഇഷാൻ ഇസ്മയിൽ (21), നാലാംപ്രതി പുനലൂർ ഇടമണ്‍ റിയാസ് മൻസിലിൽ റിയാസ് ഇബ്രാഹിംകുട്ടി (27), ആറാംപ്രതി പുനലൂർ തെങ്ങുംതറയിൽ അശോക ഭവനിൽ മനു മുരളീധരൻ (27), ഏഴാംപ്രതി പുനലൂർ ഭരണിക്കാവ് അൻഷാദ് മൻസിലിൽ ഷിഫിൻ സജാദ് (28), എട്ടാംപ്രതി പുനലൂർ ചാലക്കോട് വാലുതുണ്ടിയിൽ എൻ. നിഷാദ് (23), ഒന്‍പതാംപ്രതി പത്തനാപുരം വിളക്കുടി കടശേരി ടിറ്റു ജെറോം (25), 11-ാംപ്രതി പുനലൂർ മരുതിവിള മുസാവരിക്കുന്ന് അൽമൻഹൽ മൻസിലിൽ ഫസിൽ ഷെരീഫ് (അപ്പൂസ്-26), 12-ാംപ്രതി പുനലൂർ കൂനംകുഴിയിൽ ചരിവിള വാളക്കോട് ഗ്രേസിംഗ് ബ്ലോക്ക് ഈട്ടിവിള ഷാനു ഷാജഹാൻ(25) എന്നിവരെയാണു ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
അപൂർവങ്ങളിൽ അപൂർവ കേസായതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികളുടെ പ്രായവും മുൻപ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നില്ല എന്നതും പരിഗണിച്ചാണ് വധ ശിക്ഷ ഒഴിവാക്കിയത.് പ്രോസിക്യുഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. സി.എസ്. അജയൻ കോടതിയിൽ ഹാജരായി.