ജിബിൻ കുര്യൻ
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി എൻസിപി ദേശീയ നിർവാഹക സമിതി അംഗം മാണി സി കാപ്പൻ മത്സരിക്കും. ഇന്നു രാവിലെ പാലായിൽ നടക്കുന്ന എൻസിപി സംസ്ഥാന സമിതി യോഗത്തിൽ മാണി സി കാപ്പനെ സ്ഥാനാർഥിയായി തെരഞ്ഞെടുക്കും.
തുടർന്ന് വൈകുന്നേരം നടക്കുന്ന എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയിൽ മാണി സി കാപ്പനെ സ്ഥാനാർഥിയാക്കാൻ എൻസിപിക്ക് അനുമതി നല്‍കും. തുടർന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി മാണി സി കാപ്പന്റെ സ്ഥാനാർഥിത്വം ഒൗദ്യോഗികമായി പ്രഖ്യാപിക്കും. അപ്പോൾ തന്നെ പാലാ ടൗണിൽ പ്രചാരണവും ആരംഭിക്കും.
63കാരനായ മാണി സി കാപ്പൻ ഇത് നാലാം തവണയാണ് പാലായിൽ ജനവിധി തേടുന്നത്. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസിലെ കെ.എം.മാണിയോട് 4307 വോട്ടിനാണ് പരാജയപ്പെട്ടത്.പാലായിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമാണ്. നാളികേര വികസന കോർപറേഷൻ മുൻ വൈസ് ചെയർമാൻ, എൻസിപി സംസ്ഥാന ട്രഷറർ, പാലാ മുൻ നഗരസഭാ കൗണ്‍സിലർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ജിമ്മിജോർജിനൊപ്പം വോളി ബോൾ താരമായിരുന്നു. സിനിമാ നിർമാതാവ്, നടൻ എന്ന നിലയിൽ പ്രശസ്തനാണ്. മുൻ സ്വാതന്ത്ര്യസമര സേനാനി പാലാ കാപ്പിൽ ചെറിയാൻ ജെ കാപ്പന്റെ മകനാണ്. ഭാര്യ: ആലീസ്. മക്കൾ: ചെറിയാൻ, ടീന, ദീപ.