എ.ജെ. വിൻസൻ
വാടാനപ്പള്ളി: ഗുരുവായൂരിൽ നിന്ന് വാടാനപ്പള്ളി വഴിയും, പാവാറട്ടി – മണലൂർ വഴി കാഞ്ഞാണിയിലൂടെ തൃശൂർ കായംകുളത്തേക്ക് പോയിരുന്ന ലാഭമുള്ള രണ്ട് കെഎസ്ആർടിസി സർവീസുകൾ ഡിപ്പോ റദ്ദാക്കി. ഈ ബസുകൾ പുതിയ റൂട്ടിലേക്ക് മാറ്റിയപ്പോൾ പലപ്പോഴും ആളില്ലാതെ ഓടുന്നതായി പരാതി. യാത്രക്കാരില്ലാത്തതിനാൽ കെഎസ്ആർടിസിക്കു നഷ്ടം 10,000 മുതൽ 15,000 വരെ.
മുന്പ് വാടാനപ്പള്ളി വഴിയും, പാവറട്ടി വഴിയും ഓടിയിരുന്ന ബസിൽ 15,000 രൂപ മുതൽ 20,000 രൂപ വരെ കള്കഷൻ കിട്ടിയ ഈ ബസുകൾ ഗുരുവായൂർഎറണാംകുളം റൂട്ടിലേക്ക് മാറ്റിയപ്പോൾ കളക്ഷൻ ശരാശരി 6,000 രൂപയായി കുറഞ്ഞു. ദിവസേന വൻ നഷ്ടം വരുത്തിയിട്ടും ഗുരുവായൂർ എടിഒയോ എറണാകുളം സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരോ ഗൗനിക്കുന്നതേയില്ലെന്ന് യാത്രക്കാർ ആരോപിച്ചു.
ഗുരുവായൂരിൽ നിന്ന് രാവിലെ എട്ടിന് വാടാനപ്പള്ളി കാഞ്ഞാണി,8.45 ന് വാടാനപ്പള്ളി കാഞ്ഞാണി വഴി തൃശൂർ എറണാംകുളം ആലപ്പുഴ കായംകുളത്തേക്ക് ദിവസേന രണ്ടു കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവീസ് നടത്തിയിരുന്നത്.ഈ രണ്ട് ബസുകൾക്കും നിറയെ യാത്രക്കാരുമുണ്ട്. രാവിലെ ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് കാഞ്ഞാണി വഴി തൃശൂരിലെത്തുന്പോഴേക്കും 1500 രൂപ മുതൽ 1800 രൂപ വരെ ശരാശരി കളക്ഷനുമുണ്ടായിരുന്നു.
ഈ ബസുകൾ നിറുത്താലാക്കിയപ്പോൾ യാത്രക്കാർക്ക് അസൗകര്യമായി. രണ്ടു ജില്ലകളിലേക്ക് ഒരു ഫാസ്റ്റ് പാസഞ്ചർ പരിഷ്ക്കാരത്തിന്റെ മറവിൽ ലാഭമുള്ള ഈ ബസുകളുടെ റൂട്ട് തന്നെ ഗുരുവായൂർ ഡിപ്പോ അധികൃതർ അവസാനിപ്പിച്ചു. നിറുത്താലാക്കിയ ഗുരുവായൂർകായംകുളം ബസുകൾ റൂട്ട് മാറ്റി ഗുരുവായൂർ – കൊടുങ്ങല്ലൂർ പറവൂർ എറണാംകുളം റൂട്ടിലാണ് ദിവസേന മൂന്ന് സർവ്വീസുകൾ നടത്തുന്നത്.
രാത്രി 10.30നും 10.45 നും ഗുരുവായൂരിൽ നിന്ന് എറണാംകുളത്തേക്ക് ഓടുന്ന ഈ ബസുകൾ പലപ്പോഴും ആളില്ലാ വണ്ടികളായാണ് ഓടുന്നത്. ഗുരുവായൂർ എ ടി ഒ ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയക്കണമെന്നും നിറുത്താലാക്കിയ സർവ്വീസുകൾ എറണാംകുളം വരെയാക്കണമെന്നും ഈ ബസുകളിലെ സ്ഥിരം യാത്രക്കാർ ആവശ്യപ്പെട്ടു. ജോലിക്ക് പോകുന്ന നിരവധി യാത്രക്കാരാണ് കൃത്യ സമയത്ത് വന്നിരുന്ന ഈ ബസുകളെ ആശ്രയിച്ചിരുന്നത്.
എറണാകുളം സോണൽ ഓഫീസാണ് ഇതിന്റെ കാരണക്കാരെന്ന് പറഞ്ഞ് ഗുരുവായൂർ ഡിപ്പോ അധികൃതർ കൈമലർത്തി കെഎസ്ആർടിസിക്ക് നഷ്ടം വരുത്തുകയാണെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി. രണ്ടു ജില്ലാ പരിഷ്ക്കാരത്തിനു വേണ്ടി ഗുരുവായൂർകോട്ടയം ചക്കളത്തുകാവ് ബസും നിറുത്താലാക്കി ഗുരുവായൂർഎറണാംകുളം റൂട്ടിലേക്ക് മാറ്റി.