പുതുക്കാട്: കുറുമാലിപ്പുഴയിലെ പിടിക്കപ്പറന്പ് തേവര് കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി. മുപ്ലിയം വിമൽജ്യോതി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഒഴുക്കിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് പുഴയിലിറങ്ങിയ നാലു വിദ്യാർഥികളിൽ ഒരാളാണ് ഒഴുക്കിൽപ്പെട്ടത്.
കൂടെയുണ്ടായിരുന്നവരുടെ നിലവിളികേട്ട് അയൽവാസിയായ കൃഷ്ണൻ നന്പൂതിരി പുഴയിലേക്കു ചാടി ഒഴുക്കിൽപ്പെട്ട് മുങ്ങി താഴുകയായിരുന്ന വിദ്യാർഥിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
ചുഴിയിൽപ്പെട്ട വിദ്യാർഥിയെ സമീപത്തുള്ള കടവിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൃഷ്ണൻ നന്പൂതിരി അവ ശനായി. സംഭവംകണ്ട കൃഷ്ണൻ നന്പൂതിരിയുടെ മകൾ ആളുകളെ വിളിച്ചുകൂട്ടി. കടവിലേക്ക് ഓടിയെത്തിയ എടപ്പറന്പിൽ രഘു പുഴയിലേക്കു ചാടി ഇരുവരെയും കരയിലേക്കെത്തിക്കുകയായിരുന്നു.
വിജനമായ കടവുകളിൽ എത്തുന്നവർ പുഴയിലേക്കിറങ്ങുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഇത്തരം കടവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് രക്ഷാപ്രവർത്തനം നടത്തിയ കൃഷ്ണൻ നന്പൂതിരിയും രഘുവും ആവശ്യപ്പെട്ടു. പിടിക്കപ്പറന്പ് കല്ലേലി ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് കൃഷ്ണൻ നന്പൂതിരി. ഇലക്ട്രീഷനായ രഘു എൻഎസ്എസ് പിടിക്കപ്പറന്പ് കരയോഗം പ്രസിഡന്റാണ്.