റെനീഷ് മാത്യു
കണ്ണൂർ: ശശി തരൂരിനെതിരേയുള്ള കോൺഗ്രസ് നേതാക്കൻമാരുടെ പ്രസ്താവനകളിൽ ലീഗിൽ അതൃപ്തി. നരേന്ദ്രമോദിയെ അനുകൂലിച്ച് പരാമർശം നടത്തിയതിനെതിരേയാണ് ശശി തരൂരിനെതിരെ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ രംഗത്ത് വന്നത്. എന്നാൽ ഇതിനെതിരേയാണ് ലീഗ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. കോൺഗ്രസിനെതിരേ രൂക്ഷ വിമർശനമാണ് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ. മുനീർ ഉന്നയിച്ചിരിക്കുന്നത്.
പ്രളയനാളുകളിൽ മഹാ ഉരുൾപൊട്ടലുകളിൽ വൻമലകൾ ഒന്നാകെ കുത്തിയൊലിച്ചുവരുന്പോൾ അതിന്റെ താഴ്വരയിൽ പുല്ലുപറിക്കാൻ പരസ്പരം കലഹിക്കുന്നവരെ അനുസ്മരിപ്പിക്കുന്നവരായി മാറിയിരിക്കുകയാണ് കോൺഗ്രസ് എന്നാണ് എം.കെ. മുനീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കൾ അതൃപ്തി യുഡിഎഫിനെ അറിയിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതാക്കളിൽ ചിലരും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. താൻ മോദിയെ സ്തുതിച്ചിട്ടില്ലെന്നും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ആ വാചകം ചൂണ്ടിക്കാണിക്കണമെന്നും ശശി തരൂർ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് നൽകിയ മറുപടിയിൽ വിശദീകരിച്ചിരുന്നു.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ തന്റെ പ്രകടനം വിലയിരുത്തി ഭരണഘടനയുടെയും കോൺഗ്രസിന്റെയും മൂല്യം ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ താൻ എതിർത്തതിന്റെ പത്തുശതമാനമെങ്കിലും കേരളത്തിൽ നിന്നുള്ള ഒരു നേതാവും എതിർത്തിട്ടില്ലെന്നും 17 ബില്ലുകളുടെ ചർച്ചയ്ക്കിടെ 50 തവണ താൻ ഇടപെട്ടുവെന്നും ശശി തെരൂർ മുല്ലപ്പള്ളി രാമചന്ദ്രന് അയച്ച കത്തിൽ പറയുന്നു.
ലീഗും കൂടി എതിർപ്പ് അറിയിച്ചതോടെ തരൂരിനെതിരേ നടപടിയുണ്ടായേക്കില്ല. കെപിസിസി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുകയും റിപ്പോർട്ട് ഹൈക്കമാൻഡ് മയപ്പെടുത്തുകയും ചെയ്യാനാണ് സാധ്യത.
എം.കെ. മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന ഭാഗങ്ങൾ
പരസ്പരമുള്ള പഴിചാരലുകൾ മാറ്റിവച്ച് കോൺഗ്രസ് സംസ്കാരമുള്ള എല്ലാവരെയും പാർട്ടിക്കകത്ത് തന്നെ നിലനിർത്താനുള്ള ഭഗീരഥ പ്രയത്നമാണ് ഇന്നാവശ്യം. കോൺഗ്രസ് ഇല്ലാത്ത ശശി തരൂരിനെയോ, ശശി തരൂർ ഇല്ലാത്ത കോൺഗ്രസിനെയോ മതേതര കേരളത്തിന് സങ്കല്പിക്കാൻ പോലുമാവില്ല.സാഹചര്യത്തിന് ഒട്ടും അനുയോജ്യമല്ലാത്ത തർക്കവിതർക്കങ്ങൾ കൊണ്ട് പോർമുഖം തീർക്കേണ്ട സമയമല്ലിത്.
മറിച്ച് തർക്കിച്ചു നിൽക്കുന്നിടം തന്നെ ഇടിഞ്ഞു വീഴുന്ന സന്ദർഭമാണിത്. ഇന്ദിരാഗാന്ധിയും കെ.കരുണാകരനും ബാഫഖി തങ്ങളും എന്റെ പിതാവും ഭാഗഭാക്കായ ഐക്യജനാധിപത്യ മുന്നണിയുടെ ആവിർഭാവ കാലത്തെ ഞാനിന്നുമോർക്കുന്നു. അന്ന് ഞാനൊരു കുട്ടിയായിരുന്നു.
അതുകൊണ്ട് വേദനയോട് കൂടിയാണെങ്കിലും ഇത് പറയാനുള്ള ധാർമിക ചുമതല എനിക്കുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും പറയുന്ന മുനീർ ശശി തരൂർ ഒരു മോദിയനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും പറയുന്നു. എന്നാൽ കേരളത്തിൽ നിന്നുള്ള ഒരു പ്രതിനിധിയെന്ന നിലയിൽ സംസ്ഥാനത്തെ കോൺഗ്രഇരുപതിൽ പത്തൊമ്പത് സീറ്റും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നൽകിയ കേരളീയർ എല്ലാവരും ഒന്നിച്ചണിചേർന്ന ഒരു കോൺഗ്രസിനെയാണ് സ്വപ്നം കാണുന്നത്.
പരസ്പരം കരം ഗ്രഹിച്ചു നിൽക്കുന്ന പാരസ്പര്യമാണ് നമുക്ക് കോൺഗ്രസ്. ഈ വാക്പോര് നമുക്കെത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ടെന്നും മുനീർ പറയുന്നു.