പാന്പാടി: സൗത്ത് പാന്പാടിയിൽ ഗൃഹനാഥനെ കന്പിവടിക്ക് ആക്രമിച്ച കേസിലെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. എന്നാൽ എന്തിനാണ് ആക്രമണമെന്നോ ആരാണ് ഇതിനു പിന്നിലെന്നോ ഉള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സൗത്ത് പാന്പാടി വെള്ളക്കോട്ട് സാബു ചാക്കോ (65)യെയാണ് ആക്രമിച്ചത്. കന്പിവടിക്കടിയേറ്റ് കാലിന്റെ മുട്ടിനു താഴെയും കൈക്കുമാണ് പരിക്ക്.
അസ്ഥികൾക്ക് ഒടിവില്ല. നാലു വർഷമായി പക്ഷാഘാതം സംഭവിച്ച് ചികിത്സയിലാണ് സാബു ചാക്കോ. ഇയാൾക്ക് മറ്റു ശത്രുക്കളാരുമില്ലെന്നും പ്രശ്നങ്ങൾ ഒന്നുമില്ലെന്നും പറയുന്നു. പിന്നെന്തിനാണ് ആക്രമണമെന്ന കാര്യത്തിൽ സംശയം നിലവിൽക്കുന്നു. ആളു മാറിയതാണോ എന്ന സംശയവുമുണ്ട്. വെള്ളക്കോട്ട് എന്ന പേരിൽ പാന്പാടിയിൽ നിരവധി വീടുകളുണ്ട്. ഈ വഴിക്കും പോലീസ് അന്വേഷണം നടത്തി വരികയാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.15നും 3.30നും ഇടയ്ക്കാണ് ആക്രമണം. വീട്ടിലെത്തിയ രണ്ടു പേർ തന്നെ ഇരുന്പു വടിക്ക് അടിച്ചു വീഴ്ത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെട്ടുവെന്നാണ് സാബു ചാക്കോയുടെ മൊഴി. ആളെ കണ്ടാൽ തിരിച്ചറിയും. 25 വയസ് പ്രായമുള്ളവരാണ് പ്രതികൾ. ഇത്രയും വിവരമേ പോലീസിന് ലഭിച്ചിട്ടുള്ളു.
കുറ്റിക്കൽ ഓട്ടോ സ്റ്റാൻഡിൽ ബൈക്കിലെത്തിയ സംഘം വെള്ളക്കോട്ടെ വീട് അന്വേഷിച്ചു. തുടർന്നു വീട്ടിലെത്തി കോളിംഗ് ബെല്ല് അടിച്ചപ്പോൾ സാബു ഇറങ്ങിവന്നു. മുളക്് പൊടി വിതറിയശേഷം ആക്രമിക്കുകയായിരുന്നു. ഇദേഹത്തിന്റെ ഭാര്യ കഴിഞ്ഞവർഷം അപകടത്തിൽപ്പെട്ടു മരിച്ചു.
ഒരു മകൻ വിദേശത്താണ്. മറ്റൊരു മകൻ ബാംഗ്ലൂരിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണു സംഭവം. പാന്പാടി സിഐ യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സമീപത്തെ വീട്ടിൽ നിന്ന് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു.