കോന്നി: കോന്നി – അച്ചൻകോവിൽ റോഡിലെ തേക്കുതോട്ടം ജംഗ്ഷനിൽ നിന്നും വകയാറിനുള്ള റോഡ് തകർന്നു. കോന്നി തടി ഡിപ്പോയിലൂടെയുള്ള റോഡിന്റെ തകർച്ചയ്ക്കു പ്രധാന കാരണമായി നാട്ടുകാർ പറയുന്നത് ഡിപ്പോയിലെ ജോലികൾക്ക് ഉപയോഗിക്കുന്ന ട്രാക്ടറുകളാണ്.
ഡിപ്പോയിലെ തടികൾ അട്ടിവയ്ക്കുന്നതിനു നിലവിൽ ഒന്നിലധികം ട്രാക്ടറുകളാണ് ഉപയോഗിക്കുന്നത്. ഇതാകട്ടെ പാടശേഖരം ഉഴുതുമറിക്കുന്ന ലാഘവത്തോടെയാണ് തടികൾ റോഡിലുടെ വലിച്ചു നീക്കുന്നത്. മരങ്ങൾ തിങ്ങി നിൽക്കുന്നതും വെള്ളം ഒഴുകിപ്പോകുന്നതിന് ഓടകൾ ഇല്ലാത്തതും റോഡ് തകർച്ചയ്ക്ക് വേഗം കൂട്ടുന്നുണ്ട്.
കോന്നി – അച്ചൻകോവിൽ റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ചതിനാൽ മറ്റു ഭാഗങ്ങളിൽ നിലവിൽ വലിയ പ്രശ്നങ്ങൾ ഇല്ല. എന്നാൽ ഇതേ ഭാഗങ്ങളിലും റോഡിന്റെ വശങ്ങൾ തകരുന്നുണ്ട്. പൊതുമരാമത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് തേക്കുതോട്ടം – വകരാർ റോഡും. ഇതു വഴിയാണ് ഊട്ടുപ്പാറ ഭാഗത്തേക്കും പോകുന്നത്. കെഎസ്ആർടിസി ഉൾപ്പെടെ ഇതുവഴി സർവീസ് നടത്തുന്നുണ്ട്.
റോഡിന്റെ തകർച്ച കാരണം ഇരുചക്രവാഹനയാത്ര ഉൾപ്പെടെ ബുദ്ധിമുട്ടിലാണ്. കാൽനടയാത്രയും അസാധ്യമാണ്. വലിയ കുഴികളാണ് റോഡിൽ രൂപപ്പെട്ടിട്ടുള്ളത്. മഴക്കാലത്ത് ചെളിവെള്ളം കൂടി നിറയുന്നതോടെ യാത്രക്കാർ ഏറെ ദുരിതത്തിലാണ്.