വൈപ്പിൻ: ഞാറക്കലെ മണ്ണെണ്ണവ്യാപാരിക്ക് കോഴിക്കോടുനിന്നും എത്തിയ 2000 ലിറ്റർ മണ്ണെണ്ണപോലുള്ള വസ്തു പോലീസ് പിടിച്ചെടുത്തശേഷം ശാസ്ത്രീയ പരിശോധന നടത്തി വസ്തു എന്തെന്ന് തിരിച്ചറിയാൻ നിൽക്കാതെ വിട്ടുകൊടുത്തെന്നാരോപണം. എക്സ്പ്ലോസീവ് ആക്ട് നിലവിൽക്കില്ലെന്ന നിലപാടിലാണത്രേ കേസ് എടുക്കാതെയും ശസ്ത്രീയ പരിശോധന നടത്താതെയും സാധനം വിട്ടു നൽകിയത്.
പെയിന്റിൽ ചേർക്കുന്ന ഒരു തരം സോൾവെന്റാണെന്നാണ് മണ്ണെണ്ണ വ്യാപാരി പോലീസിനെ അറിയിച്ചത്. മണ്ണെണ്ണയിലും ഡീസലിലും ചേർക്കുന്ന മായമാണെന്നാണ് പോലീസ് സംശയിച്ചിരുന്നത്. മണ്ണെണ്ണയുടെ അത്രയും രൂക്ഷഗന്ധമില്ലാത്ത ദ്രാവകമാണിത്. ഇത് 1:1 ലിറ്റർ അനുപാതത്തിൽ മണ്ണെണ്ണയിലോ ഡീസലിലോ ചേർത്താൽ തിരിച്ചറിയില്ലെന്നാണ് പോലീസുകാർ തന്നെ പറയുന്നത്.
രാഷ്ട്രീയ ഇടപെടലുകൾ മൂലമാണ് നേരം ഇരുട്ടി വെളുക്കുംമുന്പ് സാധനം ഉടമക്ക് വിട്ടു നൽകിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. ഞാറക്കലേക്ക് അനധികൃത മണ്ണെണ്ണ കൊണ്ടു വരുന്നു എന്ന രഹസ്യസന്ദേശം ലഭിച്ച പോലീസ് 2000 ലിറ്റർ സോൾവെന്റും മിനിലോറിയും ഇന്നലെ ഉച്ചതിരിഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. മിനിലോറി സംസ്ഥാനപാതയിൽനിന്നും തിരിഞ്ഞ് ഞാറക്കൽ മാന്പിള്ളി ബസ്റ്റോപ്പിൽനിന്നും വടക്ക്മാറിയുള്ള പോക്കറ്റ് റോഡിലേക്ക് കയറുന്നതിനിടെ വാഹനത്തെ പിടികൂടുകയായിരുന്നു.
ലോറി ഓടിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. 14 ബാരലുകളിലായിട്ടാണ് ദ്രാവകം സൂക്ഷിച്ചിരിക്കുന്നത്. ഞാറക്കൽ സ്വദേശിയായ മണ്ണെണ്ണവ്യാപാരിയുടേ പേരിലുള്ള ബില്ലും ഡ്രൈവറിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുത്തിരുന്നു.