വടക്കഞ്ചേരി: കുതിരാനിലെ വാഹന കുരുക്ക്12 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകീട്ട് ആറുമണിക്ക് തുടങ്ങിയ കുരുക്കാണ് തുടരുന്നത്.റോഡിലെ കുഴികൾ തന്നെയാണ് വില്ലനാകുന്നത്. കുഴിയിൽ ചാടി കേടുവരുന്ന വാഹനങ്ങൾ റോഡിൽ കിടന്ന് കുരുക്ക് മുറുകുകയാണ്.
ഇരുന്പുപാലത്ത് കാറും ലോറിയും കൂട്ടിയിടിച്ചും ഇന്നലെ വൈകീട്ട് ഗതാഗതം സ്തംഭിച്ചിരുന്നു. തുടർച്ചയായി മൂന്നാം ദിവസവും കുതിരാനിൽ വാഹനക്കുരുക്ക് തുടരുന്നത് ആയിരക്കണക്കിന് വാഹനയാത്രികരെയാണ് വലക്കുന്നത്. നൂറുകണക്കിന് ചരക്ക് ലോറികളും വഴിയിൽ കിടക്കുന്നുണ്ട് .
വഴുക്കുംപാറയിൽനിന്നു കുതിരാനിലേക്ക് കയറുന്ന ഭാഗത്ത് ലോറി ഡീസൽ കഴിഞ്ഞ് നിന്നത് കുരുക്കിന്റെ തീവ്രത കൂട്ടി. ചൊവ്വാഴ്ചയും ഇതേ സ്ഥലത്ത് ലോറി ഡീസൽ കഴിഞ്ഞ് നിന്നതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചിരുന്നു. കുതിരാനിൽ അപകടങ്ങളും മറ്റും ഉണ്ടാകുന്പോൾ ഹൈവേ പോലീസും മറ്റും ഇടപെട്ട് വാഹനങ്ങൾ ഉടനടി നീക്കം ചെയ്യുന്നുണ്ടെങ്കിലും സ്വകാര്യ ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തെറ്റായ ദിശയിൽ തിരുകി കയറ്റുന്പോൾ കുരുക്ക് മുറുകയാണ് പതിവ്.
റോഡിൽ നിന്നിറക്കി മണ്റോഡിലൂടെ പോയി തിരികെ ടാർ റോഡിലേക്ക് കയറുന്പോൾ ഗതാഗത സ്തംഭനം രൂക്ഷമാക്കുന്നു. ഇത്തരത്തിൽ തെറ്റായ ദിശയിൽ പോകുന്ന വാഹനങ്ങൾക്കെതിരെ പലപ്പോഴും ഹൈവേ പോലീസ് പിഴ ഈടാക്കാറുണ്ടെങ്കിലും പിന്നീടും ആവർത്തിക്കുന്നത് പതിവാണ്.