മൂന്നുമുറി: പ്രദേശവാസികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലാ അധികാരികൾ മറ്റത്തൂരിലെ കുഞ്ഞാലിപ്പാറയിലെ ക്രഷറിലെത്തി പരിശോധന നടത്തി.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോണിന്റെ നേതൃത്വത്തിൽ തൃശൂർ ഡിഡിപി ഓഫീസിലെയും പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിലെയും മറ്റത്തൂർ ഗ്രാമപ്പഞ്ചായത്തിലെയും ജീവനക്കാരടങ്ങുന്ന സംഘമാണ് കുഞ്ഞാലിപ്പാറയിലെത്തി എടത്താടൻ ഗ്രാനൈറ്റ്സ് ക്രഷർ പരിശോധന നടത്തിയത്.
ക്രഷർ ജീവനക്കാരിൽനിന്നും പ്രവർത്തനം സംബന്ധിച്ച വിശദീകരണം തേടിയ ശേഷം ജലപരിശോധന തുടങ്ങിയവ എത്രയും പെട്ടെന്ന് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംഘം നിർദ്ദേശിച്ചു. തുടർന്ന് സമരസമിതി നേതാക്കളുമായി ഡിഡിപി കൂടിക്കാഴ്ച നടത്തി. നിയമാനുസൃത നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻ ചള്ളിയിൽ, പഞ്ചായത്തംഗങ്ങളായ ഷീല വിപിന ചന്ദ്രൻ, കെ.വി.ജോയ്, സീനിയർ സൂപ്രണ്ടുമാരായ വിനോദ് കുമാർ, സുനിൽകുമാർ, സെക്രട്ടറി ടി.ജി. സജി, ജൂണിയർ സൂപ്രണ്ട് നന്ദകുമാർ, മനോജ് മുകുന്ദൻ തുടങ്ങിയവരും ഡിഡിപിക്കൊപ്പം ഉണ്ടായിരുന്നു