കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ മേയർക്കെതിരേ അവിശ്വാസ പ്രമേയം വന്നതിനുശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. രാവിലെ 10.45 ഓടെ ആരംഭിച്ച കൗൺസിൽ യോഗമാണ് ഇതുവരെയില്ലാത്ത രീതിയിൽ പ്രക്ഷുബ്ദമായത്. മേയറുടെ ചാർജുള്ള ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഡയസിൽ വന്നിരുന്നതോടെ സിപിഎം സ്വതന്ത്രൻ തൈക്കണ്ടി മുരളീധരൻ ക്രമപ്രശ്നം ഉന്നയിക്കാനുണ്ടെന്നു പറഞ്ഞ് എഴുന്നേറ്റ് നിൽക്കുകയായിരുന്നു.
കോർപറേഷൻ കൗൺസിലിലെ അജണ്ടയിൽ മേയറുടെ പേരിൽ ഡെപ്യൂട്ടി മേയറായ പി.കെ. രാഗേഷ് ഒപ്പ് രേഖപ്പെടുത്തിയിൽ ക്രമവിരുദ്ധമുണ്ടെന്നു തൈക്കണ്ടി മുരളീധരൻ പറഞ്ഞു. കണ്ണൂരിൽ വനിതാ മേയറാണ് നിലവിലുള്ളത്. പിന്നെ എങ്ങനെയാണ് ഡെപ്യൂട്ടി മേയർ മേയറുടെ ഒപ്പ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മേയർ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായാൽ ഡെപ്യൂട്ടി മേയർക്കാണ് അതിന്റെ ചാർജെന്നാണ് തദ്ദേശസ്വയംഭരണ ചട്ടമെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് പറഞ്ഞു. അതുകൊണ്ട് ഇതിൽ ക്രമപ്രശ്നങ്ങളൊന്നുമില്ല. ചാർജ് മേയറുടെ തന്നെയാണെന്നും ഡെപ്യൂട്ടി മേയറില്ലാത്ത അവസ്ഥയിൽ സീനിയറായ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് അധ്യക്ഷ പദവിയിലേക്ക് വരാമെന്നും രാഗേഷ് പറഞ്ഞു.
എന്നാൽ പ്രതിപക്ഷത്തുനിന്ന് ബഹളം ശക്തമായി. സിപിഐയിലെ വെള്ളോറ രാജൻ മേയർ പദവി ഒഴിഞ്ഞതായും പകരം സംവിധാനം എടുക്കണമെങ്കിൽ മേയറായി സത്യപ്രതിജ്ഞ ചെയ്യണമെന്നും അല്ലാതെ മേയറുടെ പേരിൽ ഒപ്പിടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പി.കെ. രാഗേഷ് അജണ്ടയിലേക്ക് കടന്നതോടെ ബഹളം രൂക്ഷമായി.
പ്രതിപക്ഷത്തുനിന്ന് എൻ. ബാലകൃഷ്ണൻ, സി. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം മേയറുടെ ഡയസ് വളഞ്ഞു. തുടർന്ന് ഡെപ്യൂട്ടി മേയറും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റവും വെല്ലുവിളികളും നടത്തി. കൗൺസിലിനെ നോക്കുകുത്തിയാക്കി അജണ്ടയിലേക്ക് കടക്കാമെന്ന് വ്യാമോഹിക്കേണ്ടെന്ന് പ്രതിപക്ഷത്തെ എൻ. ബാലകൃഷ്ണൻ പറഞ്ഞു.
തുടർന്ന് ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റു. ടി.ഒ. മോഹനൻ, ടി. സമീർ, എറമുള്ളാൻ എന്നിവരുടെ നേതൃത്വത്തിൽ ഭരണപക്ഷാംഗങ്ങളും മേയറുടെ ഡയസിലെത്തി. തുടർന്ന് പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. കൗൺസിലർമാരുടെ ജനാധിപത്യ അവകാശങ്ങൾ കവരുന്ന തരത്തിലും പിടിവാശിയും മുഷ്ക്കുമായി ഡെപ്യൂട്ടിമേയർ മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ കൗൺസിൽ യോഗം സുഗമമായി നടത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.
ഇതിനിടെ എല്ലാവർക്കും സംസാരിക്കാനുള്ള അവകാശം നൽകുമെന്നും ഇവിടെ വെള്ളരിക്കാപ്പട്ടണമല്ലെന്നും ഡെപ്യൂട്ടി മേയർ പ്രതിപക്ഷത്തോട് പറഞ്ഞു. തുടർന്ന് ശാന്തരായ പ്രതിപക്ഷം സീറ്റുകളിലേക്ക് കടന്നിരുന്നു. തുടർന്ന് ബഹളം വച്ചെങ്കിലും അജണ്ടകൾ ഓരോന്നോരോന്നായി പാസാക്കുകയായിരുന്നു ഡെപ്യൂട്ടി മേയർ. ഇതിനിടയിൽ അജണ്ടകൾ ചർച്ച ചെയ്യുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി.
തുടർന്ന് ഡെപ്യൂട്ടി മേയറുമായി വാക്കേറ്റവും കൈയ്യാങ്കളിയിലേക്ക് എത്തുന്ന അവസ്ഥവരെയുണ്ടായി. തുടർന്ന് അംഗങ്ങളോട് ശാന്തരായി സീറ്റുകളിൽ പോയിരിക്കാനും ഡെപ്യൂട്ടി മേയർ അഭ്യർഥിച്ചു. ചർച്ചയിൽ എല്ലാവർക്കും പങ്കാളിത്തം ഉണ്ടാകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൗൺസിലർമാർ സീറ്റുകളിലേക്ക് മടങ്ങി.