തിരുവനന്തപുരം: പാളയത്തു സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകങ്ങളിലൊന്നായ വിജെടി ഹാളിന്റെ പേര് അയ്യൻകാളി ഹാൾ എന്നാക്കി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിനു മന്ത്രിസഭയുടെ അനുമതി. അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിനു വേണ്ടി പോരാടിയ നവോഥാന നായകനായ അയ്യൻകാളിക്കു ഉചിതമായ സ്മാരകം എന്ന നിലയിൽ വിജെടി ഹാളിനു അയ്യൻകാളി ഹാൾ എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
രാജഭരണകാലത്ത് ശ്രീമൂലം അസംബ്ലി ആദ്യംകൂടിയിരുന്നത് സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിലായിരുന്നു. പിന്നീടാണ് സഭാ സമ്മേളനം വിജെടി ഹാളിലേക്കുമാറ്റിയത്.സൗജന്യ വിദ്യാഭ്യാസത്തിനും ഭൂരഹിതർക്ക് ഭൂമിക്കുംവേണ്ടി അയ്യൻ കാളി പോരാട്ടം നടത്തി.
ഫീസ് വർധനവിനെതിരേ വിദ്യാർഥികൾ നടത്തിയ സമരത്തെ ദിവാന്റെ പട്ടാളം തല്ലിച്ചതച്ചു. ആ ക്രൂരമായ മർദനത്തിനെതിരേ അയ്യൻ കാളിയുടെ ധീരമായ ശബ്ദമുയർന്നതും ഈ ഹാളിലാണ്. അയ്യൻ കാളിയുടെ ശബ്ദം മുഴങ്ങിയ ഹാളിന് വിക്ടോറിയ ജൂബിലി ടൗണ്‍ഹാൾ എന്ന പേരാണോ വേണ്ടതെന്ന് സമൂഹത്തിൽ പലരും സംശയിച്ചിരുന്നു. ആ സംശയത്തിന്റെ കൂടെത്തന്നെയാണ് സർക്കാരും. വിജെടി ഹാൾ അയ്യൻ കാളി ഹാൾ എന്ന പേരിൽ അറിയപ്പെടുന്നതാകും ഉചിതം.
അതിനാൽ ഈ ഹാളിന് അയ്യൻ കാളിയുടെ നാമധേയം നൽകുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ജാതീയമായ ഉച്ചനീചത്വം ഇവിടെ നിലനിൽക്കുകയാണ്. കീഴാളൻ കീഴാളനായി തന്നെ നിലനിൽക്കുന്നു. സ്ത്രീകളും ദളിത് സമൂഹത്തിൽപ്പെട്ടരും ദുരവസ്ഥ അനുഭവിക്കുന്നു.
നമ്മുടെ നാട്ടിലാണ് കെവിൻ ദുരഭിമാനക്കൊലക്ക് ഇരയാകേണ്ടിവന്നത്. നവോത്ഥാനത്തിന്റെ വെളിച്ചം കടക്കാത്ത അറകൾ ഇനിയുമുണ്ട്. അതിനാൽ നവോത്ഥാനം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കെഡിഎഫ് സംസ്ഥാന പ്രസിഡന്റ്പി.രാമഭദ്രൻ അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ പ്രസിഡന്റ് എം.എം.ഹസൻ, ഡോ.പുനലൂർ സോമരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യ നിയമസഭാ സമ്മേളനം കൂടിയത് വിജെടി ഹാളിൽ
തിരുവനന്തപുരം: ഇന്നത്തെ നിയമസഭയുടെ ആദ്യരൂപമായ ശ്രീമൂലം അസംബ്ലി കൂടിയിരുന്ന ഇടമാണ് വിജെടി ഹാൾ. 1940 നോട് അടുപ്പിച്ച് സെക്രട്ടേറിയറ്റിനുള്ളിലെ പഴയ നിയമസഭാ ഹാളിലേക്ക് സമ്മേളനവേദി മാറ്റി.ഈസ്റ്റിന്ത്യാ കന്പനിക്കു കീഴിലെ സാമന്ത രാജ്യമായിരുന്നു തിരുവിതാംകൂർ.
ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ കിരീട ധാരണത്തിന്റെ അന്‍പതാം വർഷത്തിൽ 1896-ലാണ് വിക്ടോറിയ ജൂബിലി ടൗണ്‍ഹാൾ നിർമിച്ചത്. 1896 ജനുവരി 25-ന് ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവാണ് ഹാൾ ഉദ്ഘാടനം ചെയ്തത്.
സ്വാതന്ത്ര്യം കിട്ടിയശേഷം വിജെടി ഹാൾ എന്ന ചുരുക്കപ്പേരിലേക്കു മാറി. ഗാന്ധിജി, ജവഹർലാൽ നെഹ്്റു, ടാഗോർ, സരോജിനി നായിഡു തുടങ്ങിയവർ ഈ ഹാളിൽ പ്രസംഗിച്ചിട്ടുണ്ട്. സർ സിപി സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചപ്പോൾ ദിവാൻ മാധവറാവു ജനഹിത പരിശോധന പ്രഖ്യാപിച്ചത് വിജെടി ഹാളിലായിരുന്നു.