ആലുവ: ദേശീയപാതയിൽ ആലുവ മുട്ടം തൈക്കാവ് ജംഗ്ഷനിൽ ഇന്ന് കെഎസ്ആർടിസി ബസ് മറിഞ്ഞു. പുലർച്ചെ 12.30 നായിരുന്നു സംഭവം. മീഡിയയിലേക്ക് ഇടിച്ചു കയറിയ കാറിൽ ഇടിക്കാതെ തിരിക്കുന്നതിനിടയിലാണ് ബസ് മറിഞ്ഞത്.
കാർ നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് നിശേഷം തകർന്നു. ഒഴിവായത് വൻദുരന്തമാണെന്ന് സമീപവാസികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ പാലക്കാട് ഒറ്റപ്പാലം സ്വദേശി ബാബു (സുമേഷ്) ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുപത്തിയാറോളം ബസ് യാത്രികരിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആലുവ ഈസ്റ്റ് പോലീസ് രാത്രി തന്നെ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.