പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും പുലർച്ചെ 4.40 ന് പുറപ്പെട്ട് 05.50 ന് ചെങ്ങന്നൂരിലെത്തുന്ന ബസ് സർവീസും രാത്രി 9.30 ന് ചെങ്ങന്നൂരിൽ നിന്നും തിരിച്ച് പത്തനംതിട്ടയിലെത്തുന്ന സർവീസും ലാഭകരമല്ലെന്ന പേരിൽ നിർത്തലാക്കിയ കെഎസ്ആർടിസിയുടെ നടപടി പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചെങ്ങന്നൂരിൽ നിന്ന് ആദ്യത്തെയും അവസാനത്തെയും ട്രെയിൻ സർവീസിനെ അടിസ്ഥാനപ്പെടുത്തിയാണ് സർവീസ് നടത്തിയിരുന്നത്.
ലാഭകരമല്ലെന്ന പേരിൽ കെഎസ്ആർടിസി സർവീസ് നിർത്തിയതോടെ യാത്രക്കാർ പെരുവഴിയിലായി. തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി എത്തിയത്.ചെങ്ങന്നൂർ – പത്തനംതിട്ട റൂട്ടുകളിൽ പെർമിറ്റുള്ള സ്വകാര്യ ബസുകളിൽ ഒരെണ്ണം രാത്രി, പുലർകാല സർവീസ് നടത്തുന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷൻ അംഗം ഡോ. കെ. മോഹൻകുമാർ ആവശ്യപ്പെട്ടു.
ഇക്കാര്യം സർക്കാരും കെഎസ്ആർടിസിയും, ആർറ്റിഒയുമായി ബന്ധപ്പെട്ട് പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. രാത്രി ഒടുവിലത്തെയും പ്രഭാതത്തിൽ ആദ്യത്തെയുമായ സർവീസുകൾ ഫാസ്റ്റ് പാസഞ്ചർ നിരക്കിൽ ലാഭകരമായി ഓടിക്കാനാകുമോ എന്നും പരിശോധിക്കണം. സർവീസുകൾ ലാഭകരമല്ലെന്ന പേരിലാണ് നിർത്തലാക്കിയത്. ജീവനക്കാരുടെ കുറവും സർവീസ് നിർത്തലാക്കാൻ കണക്കിലെടുത്തിട്ടുണ്ട്.
യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി സർവീസ് പുന:സ്ഥാപിക്കാമോ എന്ന് കേന്ദ്ര ഓഫീസിന്റെ അനുമതിയോടെ പരിശോധിക്കുമെന്ന് കെഎസ്ആർ ടിസിയുടെ റിപ്പോർട്ടിൽ പറയുന്നു. വരുമാനം കുറഞ്ഞ ഷെഡ്യൂളുകൾ നിർത്തുന്പോൾ ദീർഘകാലമായി കെഎസ്ആർടിസി ബകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഗതാഗതവകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ ആർറ്റിഒ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്കാണ് നിർദേശം നൽകിയത്.