ഏറ്റുമാനൂർ: ഗാന്ധിനഗർ പോലീസിന്റെ വൻ കഞ്ചാവ് വേട്ടയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട അഞ്ചു കിലോ കഞ്ചാവ് കണ്ടെത്തി. രണ്ടു പേരെ അറസ്റ്റു ചെയ്തു. ഇന്നലെ അർധരാത്രിയിൽ ഗാന്ധിനഗർ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. നീണ്ടൂർ സ്വദേശികളായ രാജീവൻ, ജയൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്്. കുട്ടോന്പുറം ഷാപ്പിന് സമീപത്ത് വിൽപ്പനയ്ക്കെത്തിച്ച അരകിലോ കഞ്ചാവുമായി ഇവരെ രാത്രിയിൽ പിടികൂടി. ചോദ്യം ചെയ്തപ്പോഴാണ് വീടിനു സമീപത്ത് കഞ്ചാവ് കുഴിച്ചിട്ട വിവരം ലഭിച്ചത്. പിന്നീട് പോലീസ് എത്തി മണ്ണു നീക്കി കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
അതിരന്പുഴ, ആർപ്പൂക്കര, കൈപ്പുഴ, നീണ്ടൂർ പ്രദേശങ്ങളിൽ വലിയ തോതിൽ കഞ്ചാവ് വിൽപന സജീവമാകുന്നതായി ജില്ലാ പോലീസ് മേധാവി പി.എസ്.സാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് കുട്ടോന്പുറം ഷാപ്പിന് സമീപത്ത് നിന്നും അരകിലോ കഞ്ചാവുമായി രണ്ടു പേർ കാത്ത് നിൽക്കുന്നതായി വിവരം ലഭിച്ചത്.
തുടർന്ന് എസ്.ഐ ടി.എസ് റെനീഷ്, എ.എസ്.ഐ ഷിബുക്കുട്ടൻ, എ.എസ്.ഐ സ്റ്റാൻലി, സിവിൽ പൊലീസ് ഓഫിസർ അനീഷ് എന്നിവർ ഉൾപ്പെട്ട നേതൃത്വത്തിലുള്ള സംഘം കുട്ടോന്പുറം ഷാപ്പിന് സമീപത്ത് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഉച്ചയോടെ രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കും.
കന്പത്തും നിന്നും എത്തിക്കുന്ന കഞ്ചാവാണ് പ്രതികൾ ഇവിടെ വിൽക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. പ്രതികളെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ മറ്റു വിശദാംശങ്ങൾ പുറത്തു വരൂ.