തൃശൂർ: കുതിരാനിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ വഴിയൊരുങ്ങുന്നു. തുരങ്കപ്പാത ഒരെണ്ണം ഒരാഴ്ച്ചയ്ക്കകം തുറക്കുമെന്ന നിർമാണ കന്പനി ജില്ലാ കളക്ടർക്കു ഉറപ്പു നല്‍കിയതോടെയാണ് പ്രശ്നത്തിലെ മഞ്ഞുരുകിയത്. എങ്കിലും കുതിരാനിലെ കുരുക്കഴിക്കൽ എത്രത്തോളം എന്ന ചോദ്യം എല്ലാവരിലും ഉയരുന്നുണ്ട്. തുരങ്കപ്പാത തുറന്നാൽ ഭാഗികമായ കുരുക്ക് ഒഴിവാക്കാം.
പാലക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തുരങ്കപ്പാതയിലൂടെ കടത്തിവിടും. അന്യസംസ്ഥാനങ്ങളിൽ നിന്നും ചരക്കുവാഹനങ്ങൾ കേരളത്തിലേക്കു വരുന്ന പ്രധാന മാർഗമായതിനാൽ കുതിരാനിൽ ഓണക്കാലത്തു കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരും. വാഹനങ്ങളുടെ ആധിക്യത്തിനു പുറമെ ഡീസൽ തീരുന്നതും കേടുപാടുകൾ സംഭവിക്കുന്നതും കുതിരാനിൽ പതിവാണ്. ഏതെങ്കിലും ഒരുവാഹനം വഴിയിൽ കുടുങ്ങിയാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ് ഇവിടത്തെ പതിവുപല്ലവി.
തകർന്ന റോഡുകളിലെ വന്പൻ കുഴികൾ കുരുക്കു വീണ്ടും വഷളാക്കുകയാണ്. അതുകൊണ്ടുതന്നെ തുരങ്കപ്പാത തുറക്കുന്നതിനൊപ്പം റോഡുകളുടെ അറ്റകുറ്റപ്പണിയും പൂർത്തിയാകണമെന്നാണ് പൊതുവെയുള്ള ആവശ്യം. നിയമങ്ങളും നിയന്ത്രണങ്ങളും മറികടന്നു വാഹനങ്ങളും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചാൽ മാത്രമേ തുരങ്കപ്പാത തുറന്നതിന്റെ ഫലം ലഭിക്കൂ.