മുരിങ്ങൂർ: പുഴയുടെ തീരങ്ങൾ വ്യാപകമായി ഇടിയുന്പോഴും കൃഷി ഭൂമി പുഴയെടുത്തവർക്കുള്ള റിവർ പ്രൊട്ടക്ഷൻ മാനേജ്മെന്റ് ഫണ്ട് പലർക്കും കിട്ടിയില്ലെന്ന് ആക്ഷേപം. ചാലക്കുടി പുഴയിൽ വെള്ളം കുത്തിയൊലിച്ചൊഴുകിയതിനെ തുടർന്നാണ് തീരങ്ങളിൽ നിന്ന് കൃഷി ഭൂമി ഉൾപ്പെടെയുള്ള പ്രദേശം ഇടിഞ്ഞത്. തെങ്ങ്, കവുങ്ങ്,ജാതി ഉൾപ്പെടെയുള്ള കൃഷിയിടങ്ങൾ തീരമിടിഞ്ഞതോടെ പുഴയിൽ ഒലിച്ചു പോയിട്ടുണ്ട്.
മുരിങ്ങൂർ മണ്ടിക്കുന്നിലെ പൊട്ടത്ത് ഭഗവതി ക്ഷേത്രത്തിനു സമീപം മണ്ണ് വ്യാപകമായി ഇടിഞ്ഞിരിക്കുന്നത്.പുഴയുടെ ഇരു തീരങ്ങളിലും ഇത്തരത്തിൽ ഭൂമി ഇടിഞ്ഞ് നാശനഷ്ടമുണ്ടായിട്ടുണ്ട്. ശക്തമായ ഒഴുക്കിൽ പുഴ പോകുന്ന ദിശകളിലെ തിരിവുകളിൽ ഒഴുക്ക് ശക്തമായി വന്നടിച്ചതോടെ മേഖലയിലെ നിരവധി ആളുകളുടെ ഭൂമികൾ നഷ്ടപ്പെട്ടു. മഴ കുറഞ്ഞതോടെ പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് പുഴയുടെ ഇരുഭാഗങ്ങളും ഇടിയുന്നത് വ്യാപകമായിരിക്കുന്നത്. ഇടിഞ്ഞ ഭാഗങ്ങളിൽ ആഴവും വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഭൂമി ഇടിഞ്ഞവർ ഇരട്ടി പ്രഹരമേറ്റ അവസ്ഥയിലാണ്. കഴിഞ്ഞ വർഷം മണ്ണിടിച്ച് പുഴയിൽ ഒലിച്ചുപോയവരുടെ ശേഷിക്കുന്ന ഭൂമി കെട്ടി സംരക്ഷിക്കുവാൻ റിവർ പ്രൊട്ടക്ഷൻ മാനേജ്മെന്റ് ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും നിരവധി ഭൂവുടമകൾക്ക് ലഭിച്ചിട്ടില്ലെന്ന പരാതി വ്യാപകമാണ്.
ഈ പദ്ധതി പ്രകാരം അധികൃതർ ഭൂമി നഷ്ടപ്പെട്ടതു സംബസിച്ചുള്ള സർവേ പൂർത്തിയാക്കിയെങ്കിലും മറ്റു തുടർനടപടികൾ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പുഴയുടെ അരികുകൾ ഇടിഞ്ഞ് കാർഷിക വിളകൾക്ക് നഷ്ടമുണ്ടായവർക്ക് അധികൃതർ നഷ്ടപരിഹാരം നൽകണമെന്നും ഇടിയാറായി നിൽക്കുന്ന ഭൂമി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.