മുക്കം: ഭിന്നശേഷി വിദ്യാർഥിയായ മുഹമ്മദ് ഇർഫാസിന് രാഹുൽ ഗാന്ധിയെ ഒന്ന് കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവനെ പോലും ഞെട്ടിച്ച് ചോക്ലേറ്റുമായാണ് രാഹുൽഗാന്ധി എത്തിയത്. ഇർഫാസിന്റെ കൂട്ടുകാരൻ അജയ് സൂര്യനും ഒപ്പമുണ്ടായിരുന്നു.
മണാശേരി ഗവ. ജി.യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് ഇർഫാസിന് രാഹുലിനെ കാണണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. ഇത് മാതാവിനെയും സ്കൂൾ അധ്യാപകരെയും അറിയിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് നിരവധി തവണ രാഹുൽ ഗാന്ധിയെ കാണാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇതിനിടയിലാണ് മുക്കത്തെ എംപി ഓഫിസ് ഉദ്ഘാടനത്തിന് രാഹുൽഗാന്ധി എത്തുന്ന വിവരം അറിഞ്ഞത്. ഇതോടെ കാണണമെന്ന ആഗ്രഹം സ്കൂളിന്റെ ഫേസ്ബുക്ക് പേജിൽ ഇടുകയായിരുന്നു.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. ജോയ് കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ കാണാനുള്ള അവസരം ഒരുക്കുകയായിരുന്നു. വീൽചെയറിൽ അധ്യാപകരോടൊപ്പം ചടങ്ങിലെത്തിയ ഇർഫാസിനേയും അജയ് സൂര്യനേയും ഡയറി മിൽക്ക് ചോക്ലേറ്റ് നൽകിയാണ് രാഹുൽ ഗാന്ധി സ്വീകരിച്ചത്. അൽപ്പനേരം അവരോടൊപ്പം ചിലവഴിക്കുകയും രാഹുൽ ഗാന്ധി സമയം കണ്ടെത്തി.
ഇർഫാസിനെ പോലെ നിരവധി ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ ബാത്റൂം അറ്റാച്ച്ഡ് ക്ലാസ് റൂം ലഭിക്കാൻ ഞാൻ രാഹുൽ ഗാന്ധി എംപിയിൽ നിന്ന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.