മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ അതിസാരത്തെ തുടർന്ന് സർക്കാർ അനാഥാലയത്തിലെ രണ്ട് നവജാതശിശുക്കൾ മരിച്ചു. എട്ടു കുട്ടികൾ ഗുരുതരാവസ്ഥയിൽ. ഭക്ഷ്യവിഷബാധയെ തുടർന്നാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമികവിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
മഥുരയിലെ രാജകീയ ശിശു സദനിലായിരുന്നു സംഭവം. കുട്ടികൾക്ക് നൽകിയ പാലിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു.ബുധനാഴ്ചയാണ് കുട്ടികൾക്ക് അതിസാരം പിടിപെട്ടത്.
മഥുര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 10 കുട്ടികളിൽ ഗുരുതരാവസ്ഥയിലായ നാല് കുട്ടികളെ ആഗ്രയിലെ മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ഒന്നരവയസുള്ള രണ്ട് കുട്ടികളെ രക്ഷിക്കാനായില്ല. മറ്റ് കുട്ടികൾ ആരോഗ്യം വീണ്ടെടുത്തുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.അനാഥാലയത്തിൽ 50 കുട്ടികളാണ് ഉള്ളത്. ഇതിൽ 30 കുട്ടികൾ രണ്ട് വയസിൽ താഴെ പ്രായമുള്ളവരാണ്.