ബംഗളൂരു: ചന്ദ്രയാൻ രണ്ടിന്റെ ഭ്രമണപഥത്തിൽ വീണ്ടും മാറ്റം വരുത്തി. ചന്ദ്രനിൽ ഇറങ്ങുന്നതിന് മുന്നോടിയായി ഭ്രമണപഥം താഴ്ത്തലിന്റെ നാലാം ഘട്ടമാണ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്.
വെള്ളിയാഴ്ച 6.18ന് ആരംഭിച്ച ഭ്രമണപഥമാറ്റം 1155 സെക്കൻഡുകൾ കൊണ്ട് പൂർത്തിയായതായി ഇസ്റോ അറിയിച്ചു. ചന്ദ്രനിൽനിന്ന് 124 മുതൽ 164 കിലോമീറ്റർ വരെ അകലെയുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ-2 ഇപ്പോൾ. അടുത്ത ഭ്രമണപഥമാറ്റം സെപ്റ്റംബർ ഒന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്.
അന്തിമ ഭ്രമണപഥമായ ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയില്‍ പേടകം എത്തിക്കഴിഞ്ഞാല്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാൻഡർ വേര്‍പെടും. സെപ്റ്റംബർ രണ്ടിനാണ് ഇത് സംഭവിക്കുക. സെപ്റ്റംബര്‍ ഏഴിന് പുലർച്ചെ വിക്രം ലാൻഡർ ചന്ദ്രനിലിറക്കാനാണ് പദ്ധതി.