കോട്ടയം: കോട്ടയം നഗരത്തിൽ തിങ്കളാഴ്ച പുലിയിറങ്ങും. ഓണം വരവറിയിച്ചുകൊണ്ടുള്ള വർണാഭമായ അത്തച്ചമയ ഘോഷയാത്ര തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു പോലീസ് പരേഡ് ഗ്രൗണ്ടിൽനിന്നാരംഭിക്കും. ജില്ലാ പോലീസ് മേധാവി പി. എസ്. സാബു റാലി ഫ്ളാഗ് ഓഫ് ചെയ്യും.
ഘോഷയാത്രയ്ക്കു വ്യത്യസ്തത പകരാൻ കർണാടകയിൽനിന്നുള്ള വിവിധ കലാരൂപങ്ങൾ എത്തുന്നുണ്ട്. കർണാടകയിൽനിന്നുള്ള വനിതാ വീരഗാഥടോള്ളു, ബൊമ്മലാട്ട ഡാൻസ്, വീരഭദ്രൻ എന്നിവയാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത.
തിരൂർ തെയ്യം, പുലികളി, വേലകളി, അർജുന നൃത്തം, കളരിപ്പയറ്റ്, വനിതാ ശിങ്കാരിമേളം, നാസിക് ഡാൻസ്, മാവേലി വേഷങ്ങൾ, ഹൈഡ്രോളിക് പ്ലോട്ടുകൾ, പഞ്ചവാദ്യം എന്നിവ ഘോഷയാത്രയ്ക്ക് അകന്പടിയാകും. തിരുനക്കര മന്നം സാംസ്കാരിക സമിതി, ഹിന്ദു ഇക്കണോമിക് ഫോറം, ദർശന കൾച്ചറൽ സെന്റർ, നവലോകം സാംസ്കാരിക സമിതി, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി, കേരളാ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വിവിധ സഹകരണ ബാങ്കുകൾ എന്നിവയുടെ സംയുക്ത കൂട്ടായ്മയാണു ആഘോഷ പരിപാടി ഒരുക്കിയിരിക്കുന്നത്.
രണ്ടിനു വൈകുന്നേരം നാലിനു പോലീസ് പരേഡ് ഗ്രൗണ്ടിൽ ഓണം വിളംബര സമ്മേളനം നടക്കും. തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാധ്യക്ഷ പി.ആർ. സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ, കളക്ടർ പി.കെ. സുധീർബാബു തുടങ്ങിയവർ പ്രസംഗിക്കും.