സ്വന്തം ലേഖകൻ
തൃശൂർ: സ്വകാര്യ ബസുടമകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാണെന്നും ബസുടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്നും മന്ത്രി എ.സി.മൊയ്തീൻ. ബസുടമകളെ വെറും ഉടമകളായി മാത്രമല്ല മറിച്ച് സമൂഹത്തിലെ തൊഴിൽദായകരായ സംരംഭകരായാണ് സർക്കാർ കണക്കാക്കുന്നതെന്നും മൊയ്തീൻ പറഞ്ഞു.
ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നുമന്ത്രി എ.സി.മൊയ്തീൻ. ഗതാഗതമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പശ്ചാത്തല സൗകര്യവികസനം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതും ഇതേകാര്യത്തിലാണ്.
റോഡു വികസനത്തിൽ മാത്രം ഒതുങ്ങുന്നതല്ല പശ്ചാത്തല വികസനം. പലർക്കും റോഡ് വികസനം മാത്രമാണ് പശ്ചാത്തല വികസനം എന്ന ഒരു തോന്നലുണ്ട്. സ്വകാര്യ നിക്ഷേപ പങ്കാളിത്തത്തോടെ പ്രശ്ന പരിഹാരത്തിനും ജലഗതാഗത സാധ്യതകൾ പഠിക്കാനും മറ്റുമായി പല പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്.
എന്നാൽ പദ്ധതികൾ വന്നതുകൊണ്ടു മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. അത് എങ്ങിനെ കൃത്യവും വ്യക്തവുമായി നടപ്പാക്കുന്നു എന്നതാണ് പ്രധാനം. കൊച്ചി നഗരത്തിൽ മെട്രോ റെയിൽ വന്നതുകൊണ്ട് ഗതാഗതക്കുരുക്ക് ഒഴിഞ്ഞിട്ടില്ലെന്നത് ഇതിനുള്ള പ്രധാന ഉദാഹരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യാത്ര ചെയ്യുന്നവരുടെ ഭാഗത്തു നിന്നുകൂടിയുള്ള സഹകരണമുണ്ടെങ്കിലേ ഗതാഗതക്കുരുക്കടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.തൃശൂർ ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം.എസ്.പ്രേംകുമാർ അധ്യക്ഷനായിരുന്നു. അസോസിയേഷൻ മെന്പർമാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു വിഭാഗത്തിൽ ഉന്നത വിജയം നേടിയവർക്ക് ടി.എൻ.പ്രതാപൻ എംപി പുരസ്കാരങ്ങൾ നൽകി.
അസോസിയേഷൻ ഓഫീസിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനവും താക്കോൽദാനവും പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് ചെയർമാനും ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുൻ പ്രവർത്തക സമിതി അംഗവുമായ പത്മശ്രീ സി.കെ.മേനോൻ നിർവഹിച്ചു.
ഭാരത് പെട്രോളിയം കന്പനിയുടെ സ്മാർട്ട് കാർഡ് മുഖേന തൃശൂർ ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പന്പിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന ബസുടമകൾക്കുള്ള ഇൻസെന്റീവ് വിതരണം ബിപിസിഎൽ സംസ്ഥാന മേധാവി വെങ്കിട്ടരാമൻ പി അയ്യർ നിർവഹിച്ചു.
സീനിയർ മാനേജർ ഫ്ളീറ്റ് സെയിൽസ് ടി.എ.ബാലാജി സംബന്ധിച്ചു. ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ്, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം.ബി.സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറർ ഹംസ എരിക്കുന്നൻ, സെൻട്രൽ കമ്മിറ്റി അംഗം കെ.കെ.സേതുമാധവൻ, ട്രഷറർ ടി.കെ.നിർമലാനന്ദൻ എന്നിവർ സംസാരിച്ചു.