തിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾക്ക് ഉയർന്ന പിഴ ഏർപ്പെടുത്തിയതിനാൽ പരിശോധനാ സമയത്തു പിഴയടയ്ക്കാൻ പിഒഎസ് മെഷീനുകൾ നല്കുമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ.
പിഴയടയ്ക്കാൻ ഓണ്ലൈൻ സംവിധാനവുമുണ്ടാകും. ഗതാഗതക്കുറ്റത്തിനു പിടിക്കപ്പെടുകയും കൈവശവും അക്കൗണ്ടിലും കാശില്ലാതിരിക്കുകയു ചെയ്യുന്ന സാഹചര്യങ്ങളിൽ ആർസി ബുക്ക് ഈടായി നല്കി പിന്നീട് ഓഫീസിൽ വന്നു പണമടയ്ക്കാനുള്ള സൗകര്യമേർപ്പെടുത്തും. എന്നാൽ, ഇതിനൊന്നും തയാറാകാത്ത സാഹചര്യത്തിൽ വാഹനം പിടിച്ചെടുക്കും. അതേസമയം, വാഹന ഉടമയ്ക്കു നിയമപ്രകാരം കേസ് നടത്താം.
ലൈസൻസ് റദ്ദാക്കിയാൽ
ലൈസൻസ് റദ്ദാക്കും വിധം ഗുരുതര ഗതാഗതക്കുറ്റങ്ങൾ ചെയ്യുന്നവർക്ക്, ലൈസൻസ് തിരികെ ലഭിക്കാൻ റിഫ്രഷ്മെന്റ് കോഴ്സും സാമൂഹ്യസേവനവും നിർബന്ധമാക്കും. കേന്ദ്ര നിയമത്തിലും ഇക്കാര്യം പറയുന്നുണ്ട്. ആശുപത്രികൾ, പാലിയേറ്റീവ് കെയർ എന്നിവിടങ്ങളിലെ സേവനമാണു സാമൂഹ്യ സേവനം കൊണ്ടുദ്ദേശിക്കുന്നത്. കുറ്റം ചെയ്യുന്ന കെഎസ്ആർടിസി ഡ്രൈവർമാർക്കും ഇക്കാര്യം ബാധകമാക്കും.
കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനു ശേഷവും ലൈസൻസ് പുതുക്കിയില്ലെങ്കിൽ വീണ്ടും ടെസ്റ്റിനു ഹാജരായാൽ മാത്രമേ ലൈസൻസ് കിട്ടൂ. പുതുക്കാനുള്ള തീയതി കഴിഞ്ഞ് ഒരു വർഷം വരെ പിഴ അടച്ചു പുതുക്കാം. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസ് കാലാവധി നിലവിലുള്ള മൂന്നു വർഷത്തിനു പകരം അഞ്ച് വർഷമായി കൂട്ടി. ഒരു മാസത്തെ ഗ്രേസ് പീരിയഡ് പുതിയ നിയമം നിലവിൽ വരുന്നതോടെ ഇല്ലാതാകും.
പുതിയ നിയമപ്രകാരം സംസ്ഥാനത്തെ ഏത് ഓഫീസിലും വാഹനത്തിന്റെ ഉടമസ്ഥത അവകാശം മാറ്റുകയോ ലൈസൻസിന് അപേക്ഷിക്കുകയോ ചെയ്യാം. നിലവിൽ വാഹനം വാങ്ങിയ വ്യക്തി താമസിക്കുന്ന സ്ഥലം ഏതു റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലാണോ അവിടെ മാത്രമേ ഉടമസ്ഥാവകാശം മാറ്റാനാകൂ. അതോടൊപ്പം ലൈസൻസിനായി അപേക്ഷിക്കുന്ന വ്യക്തിക്കു താൻ താമസിക്കുന്ന സ്ഥലം ഏത് ഓഫീസിന്റെ അധികാരപരിധിയിലാണോ അവിടെ മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ. വാഹന ഉടമയുടെ മേൽവിലാസം ഏത് ഓഫീസിന്റെ അധികാര പരിധിയിലാണോ ഉൾപ്പെടുന്നത് ആ ഓഫീസിന്റെ അടിസ്ഥാനത്തിലുള്ള രജിസ്ട്രേഷൻ നന്പരാകും ഇനി ലഭിക്കുക.
വാഹന ഡീലർമാർ തെറ്റായ വിവരങ്ങൾ കാണിച്ചു വാഹനം രജിസ്റ്റർ ചെയ്താൽ ആറു മാസം മുതൽ ഒരു വർഷം വരെ തടവോ വാർഷിക നികുതിയുടെ പത്തിരട്ടിയോളം പിഴയോ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. വാഹനനിർമാതാക്കൾ വാഹന നിർമാണം സംബന്ധിച്ച വ്യവസ്ഥകൾ ലംഘിച്ചു വിൽക്കുകയോ വാഹനത്തിനു രൂപം മാറ്റം വരുത്തുകയോ ചെയ്താൽ 100 കോടി രൂപ വരെ പിഴ ചുമത്താം. രൂപമാറ്റം വരുത്തൽ, വാഹന ഭാഗങ്ങൾ മാറ്റൽ എന്നിവയ്ക്കു ആറു മാസം തടവും 5,000 രൂപയും വരെ പിഴയും ചുമത്താം.