കല്യാണം കഴിഞ്ഞ് കുഞ്ഞുമുണ്ടായിക്കഴിയുമ്പോള് ആണ് കല്യാണ ആല്‍ബവുമായി ചില ഫോട്ടോഗ്രാഫര്‍മാർ വീട്ടില്‍ എത്തുന്നത്. നെറ്റിചുളിക്കേണ്ട ഇന്ന് വധുവരന്മാര് നേരിടുന്ന പ്രധാനപ്രശ്നം ഇത് തന്നെയാണ്. കല്യാണം കഴിഞ്ഞ് ആല്‍ബം കൊടുക്കാത്തതിന്റെ പേരില്‍ ഫോട്ടോഗ്രഫര്‍മാര്‍ പോലീസ് സ്റ്റേഷന് കയറിയ സംഭവങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട്.
ഇവര്‍ക്കിടയിലാണ് ഒരു ദിവസംകൊണ്ട് കല്യാണ ആല്‍ബം കൈമാറി റെജി ഭാസ്കര്‍ എന്ന ഫാഷൻ/വെഡിംഗ് ഫോട്ടോഗ്രാഫര്‍ പുതിയ ചരിത്രം സൃഷ്ടിച്ചത്. കേരളത്തില്‍ റിക്കാർഡ് വേഗത്തില്‍ കല്യാണ ആല്‍ബം കൈമാറിയ ആദ്യഫോട്ടോഗ്രാഫര് എന്ന പേര് ഇനി റെജി ഭാസ്കറിന് സ്വന്തം.
കല്യാണം കഴിഞ്ഞ് ആല്‍ബം കൈയില്‍ കിട്ടാന്‍ മാസങ്ങളും വര്‍ഷങ്ങളും എടുക്കുന്ന കാലത്താണ് 24 മണിക്കൂറിനുള്ളില്‍ കല്യാണ ആല്‍ബം നല്കി റെജി ഭാസ്കര്‍ എന്ന സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രഫര്‍ ഞെട്ടിച്ചത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഗീത ബാഗ്സ് ഉടമ ജോബിന്റെ ഇളയമകന് വിനീത്- മോണോർക്ക് ദമ്പതികളുടെ വിവാഹ ആല്‍ബമാണ് ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കി നല്‍കിയത്.
ഓഗസ്റ്റ് 26ന് വൈകുന്നേരം തുടങ്ങിയ വിവാഹാഘോഷവും ഷൂട്ടും കഴിഞ്ഞ് റെജിയും സംഘവും തിരിച്ചെത്തുന്നത് 27ന് പുലര്‍ച്ചെ മൂന്നിന്. അടുത്ത ദിവസം പുലര്‍ച്ചെ വധൂവരന്മാര് കണ്ടത് കല്യാണ ആല്‍ബവുമായി നില്ക്കുന്ന റെജിയെയാണ്.
റിക്കാർഡ് വേഗത്തില്‍ ആല്‍ബം കൊടുക്കാന്‍ റെജിയെ പ്രേരിപ്പിച്ച ഘടകം ഒരു വെഡിംഗ് കമ്പനി റെജിയെക്കുറിച്ച് പറഞ്ഞുപരത്തിയ ഗോസിപ്പായിരുന്നു. ഫാഷന്‍ ഫോട്ടോഗ്രഫിയില്‍ തിരക്കുള്ള റെജിയെ വെഡിംഗ് ഫോട്ടോഗ്രഫി ഏല്പിച്ചാല് ആല്‍ബം കിട്ടാന്‍ ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും എടുക്കുമെന്നായിരുന്നു ആ ഗോസിപ്പ്.
ഈ ഗോസിപ്പിനെക്കുറിച്ച് റെജിയെ ജോലി ഏല്പിക്കുമുമ്പ് ജോബ് സൂചിപ്പിച്ചിരുന്നു. ഇത് ഒരു വെല്ലുവിളിയായി സ്വീകരിച്ചാണ് ഒറ്റദിവസം കൊണ്ട് ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാതെ 50 പേജ് ആല്‍ബം ഇറക്കിയത്. പോസ്റ്റ് വെഡിംഗ് ഷൂട്ട് ചെയ്യാനുള്ള കാലതാമസം കൊണ്ടാണ് പലപ്പോഴും ആല്‍ബം കൊടുക്കാന്‍ വൈകുന്നത്. ഇത് അറിയാവുന്ന റെജി ആദ്യം ചെയ്തത് പോസ്റ്റ് വെഡിംഗ് ഷൂട്ടായിരുന്നു. എന്‍ഗേജ്മെന്റ്, വെഡിംഗ്, വെഡിംഗ് ഈവ് എല്ലാം മിക്സ് ചെയ്ത ഹൈലൈറ്റ് ആല്‍ബമാണ് വധുവരന്മാര്ക്ക് നല്‍കിയത്.
സാധാരണഗതിയില്‍ ഒരു ആൽബം ഡിസൈന്‍ ചെയ്യാന്‍ രണ്ടാഴ്ച സമയം എടുക്കും. പ്രിന്റ് ചെയ്തുവരുവാന്‍ ഒരു ദിവസവും. ഇത്രയും സമയം വേണ്ടിയിടത്താണ് റെജി ഭാസ്കര്‍ ഒരു ദിവസം കൊണ്ട് ആല്‍ബം കൈമാറിയത്. സെലിബ്രിറ്റികളുടെ വിവാഹങ്ങള്‍ മുഖ്യമായും ചെയ്യുന്ന റെജി ഭാസ്കര്‍ വെഡിംഗ് ഫോട്ടോഗ്രഫിയില്‍ എപ്പോഴും വ്യത്യസ്തതകള്‍ കൊണ്ടുവരാറുള്ള ആളാണ്.
കേരളത്തിലെ ഫാഷന്‍, അഡ്വര്‍ടൈസിംഗ്, വെഡിംഗ് ഫോട്ടോഗ്രഫിയിലെ ബ്രാൻഡഡ് നാമമാണ് റെജി ഭാസ്കര്‍ ഫോട്ടോഗ്രഫി. കേരളത്തില്‍ അറിയപ്പെടുന്ന വെഡിംഗ്, ഫാഷന്‍ ഫോട്ടോഗ്രാഫറില്‍ ഒരാളായ റെജി കേരളത്തില്‍ മീഡിയംഫോര്മാറ്റ് ക്യാമറ ഉപയോഗിച്ച് വെഡിംഗ് ഷൂട്ട് നടത്തുന്ന ഏക വ്യക്തികൂടിയാണ്.
കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ഈ ആലപ്പുഴക്കാരന് നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. 30ഓളം സൗന്ദര്യമത്സരങ്ങളിലും ഫാഷന്‍ ഷോകളിലും വിധികര്‍ത്താവുമായിട്ടുണ്ട്.
അരുൺ ടോം