കൊല്ലം: സഹോദരന്റെ ഭാര്യ നൽകിയ പരാതിയിൽ പ്രവാസിയെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത് വിലങ്ങണിയിച്ച് വനിതാ പോലീസ് ഓഫീസർ ചിത്രം പകർത്തി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവം ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.
പരവൂർ പോലീസിനെതിരെയാണ് കമ്മീഷൻ അംഗം ഡോ. കെ. മോഹൻകുമാർ അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രവാസിയായ പരവൂർ സ്വദേശി പ്രശാന്ത് സി. നായർ നൽകിയ പരാതിയിലാണ് നടപടി. അസമയത്ത് വീട്ടിൽ കയറിയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.
പോലീസ് സംഘത്തിലുണ്ടായിരുന്ന പോലീസുകാരി ചിത്രം എടുത്ത് പലർക്കും അയച്ചു. രാത്രി മുതൽ പിറ്റേന്ന് രാവിലെ വരെ ഭക്ഷണം പോലും നൽകാതെ സ്റ്റേഷനിൽ നിർത്തി. സുപ്രീം കോടതി നിർദേശങ്ങൾ കാറ്റി പറത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് പരാതി .
കേസിൽ പ്രതിയായ പരാതിക്കാരൻ നാട്ടിലെത്തിയ വിവരം അറിഞ്ഞ് കോട്ടപ്പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പരവൂർ സി ഐ കമ്മീഷനെ അറിയിച്ചു. കരുതൽ തടങ്കൽ എന്ന നിലയിലായിരുന്നു അറസ്റ്റ്. എന്നാൽ പരവൂർ കോടതിയിൽ കഴിഞ്ഞഏപ്രിൽ 19 ന് ഹാജരാകാൻ സമൻസ് ലഭിച്ചതിനെ തുടർന്നാണ് താൻ മാർച്ച് 15 ന് നാട്ടിലെത്തിയതെന്ന് പരാതിക്കാരൻ അറിയിച്ചു. 15 ന് രാത്രിയാണ് പോലീസുകാർ തന്റെ വീട്ടിലെത്തി വീട്ടുപകരണങ്ങൾ നശിപ്പിച്ചത്. തന്നെ വിലങ്ങണിയിച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് അപമാനിച്ചതായും പറയുന്നു.
പരാതിയിലെ പ്രസക്തമായ കാര്യങ്ങളിൽ സി ഐ മൗനം പാലിച്ചതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്തെന്ന പരാതിയെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ അനുവദിക്കാത്തതിനെ കുറിച്ചും ഭക്ഷണം നൽകാത്തതിനെ കുറിച്ചും ബോധപൂർവം മൗനം പാലിച്ചു.
വിലങ്ങ് അണിയിച്ച ചിത്രം പോലീസ് ഉദ്യോഗസ്ഥ പകർത്തി പലർക്കും അയച്ചതിനെ കുറിച്ചും റിപ്പോർട്ട് നിശബ്ദത പാലിക്കുന്നു. പോലീസ് സംവിധാനത്തിന്റെ നീതി ബോധത്തെയും കാര്യക്ഷമതയെയും സംശയിക്കാവുന്ന അക്ഷേപങ്ങളിൽ സ്വാഭാവിക നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥനുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
അപൂർണവും പക്ഷപാതപരവുമായ റിപ്പോർട്ട് കമ്മീഷൻ തള്ളി. വനിതാ പോലീസുകാരി ഔദ്യോഗിക പരിധി കടന്നതായുള്ള ആക്ഷേപം ഉചിതമായി വിലയിരുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പരവൂർ പോലീസിന്റെ നടപടി ന്യായീകരിക്കാൻ കഴിയുമോ എന്നും മനുഷ്യാവകാശ ലംഘനം നടന്നോ എന്നും സ്റ്റേഷൻ രേഖകൾ വിലയിരുത്തി വിശദമായി പരിശോധിക്കണമെന്ന് കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. കേസ് നാളെ കൊല്ലത്ത് പരിഗണിക്കും.