കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. പാർട്ടി കൂട്ടായി ചർച്ച ചെയ്ത് ഒരു പേരിലെത്തും. ഏകപക്ഷീയ സ്ഥാനാർഥി ഉണ്ടാകില്ല. സ്ഥാനാർഥി രണ്ടില ചിഹ്നത്തിലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജോസ് കെ. മാണിയെ തള്ളി പി.ജെ. ജോസഫ് രംഗത്തെത്തി. സ്ഥാനാർഥിയുടെ കാര്യത്തിൽ ചർച്ചകൾ പൂർത്തിയായിട്ടില്ല. ഇതിനായി കൂടുതൽ സമയം വേണം. ചൊവ്വാഴ്ചയോടെ പ്രഖ്യാപനമുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനർ വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
നിഷ ജോസ് കെ. മാണി സ്ഥാനാർഥിയാകുന്നതിനോടും ജോസഫ് വിയോജിച്ചു. പാലായിൽ വിജയസാധ്യതയും സ്വീകര്യതയുമാണ് പ്രധാനം. ആരെങ്കിലും ഏകപക്ഷീയമായ തീരുമാനം എടുത്താൽ അംഗീകരിക്കില്ലെന്നും നിഷ സ്ഥാനാർഥിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജോസഫ് മറുപടി നൽകി.